ശിരോവസ്ത്ര വിലക്ക് ലജ്ജാകരമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

അഹ്മദാബാദ്:  കേരളത്തില്‍നിന്നുള്ള  മുസ്ലിം വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ശിരോവസ്ത്രം വിലക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. വനിത ദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘സ്വച്ഛ് ശക്തി’ പരിപാടിയിലാണ് പഞ്ചായത്ത് പ്രതിനിധികള്‍ക്ക് അവഗണന നേരിടേണ്ടിവന്നത്.  വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ സൈതലവിയുടെ ശിരോവസ്ത്രം പൊലീസ് അഴിപ്പിച്ചപ്പോള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി ഫൗസിയ, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന സലിം എന്നിവരെ തടയുകയും ചെയ്തു. 

സംഭവം സ്ത്രീകളോടുള്ള അനാദരവാണെന്ന് പ്രശസ്ത മനുഷ്യാവകാശ-ദലിത് പ്രവര്‍ത്തക മഞ്ജുള പ്രദീപ് പറഞ്ഞു.  ശിരോവസ്ത്രമോ മതവേഷങ്ങളോ അണിയാന്‍ എല്ലാവര്‍ക്കുമുള്ളതുപോലെയുള്ള സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകള്‍ക്കുമുണ്ട്. പ്രധാനമന്ത്രി  മോദി പങ്കെടുത്ത പരിപാടിയില്‍ നടന്ന വസ്ത്രവിലക്ക് അതി ലജ്ജാകരമാണ്. അതിന് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകും. എന്തു വേഷം ധരിക്കണമെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാറല്ല, ജനങ്ങളാണെന്നും മഞ്ജുള പറഞ്ഞു.

രാജ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്‍റുമാരെ പ്രധാനമന്ത്രി ആദരിക്കുന്ന ചടങ്ങില്‍ ഇങ്ങനെയൊരു സംഭവം നടന്നത് നാണക്കേടാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ. ജെ.എസ്. ബന്ദുക്വാല പറഞ്ഞു. മുസ്ലിംകള്‍ക്കെതിരായ പൊലീസിന്‍െറ വിവേചന നിലപാടാണിത് കാണിക്കുന്നത്. ഈ വിഡ്ഢിത്തത്തിന് ഉത്തരവാദികളായവര്‍ മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യത്തിനും മതത്തിനുമെതിരായ ആക്രമണം എന്നതുപോലത്തെന്നെ സ്ത്രീകള്‍ എന്ത് ധരിക്കണം, ധരിക്കണ്ട എന്നതിനെതിരായ വെല്ലുവിളിയുമാണ് സംഭവമെന്ന് ഗുജറാത്ത് മുസ്ലിം ലീഗ് അധ്യക്ഷനും പ്രശസ്ത അഭിഭാഷകനുമായ ഹാഷിം ഖുറൈശി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും  വിലകല്‍പിക്കാത്ത പാര്‍ട്ടി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ളപ്പോള്‍ ഇങ്ങനെ സംഭവിച്ചതില്‍ അദ്ഭുതമില്ളെന്ന് ജന്‍ സംഘര്‍ഷ് മഞ്ച് നേതാവ് പ്രതീക് സിന്‍ഹ പറഞ്ഞു.

എന്നാല്‍, ഗാന്ധിനഗര്‍ പൊലീസ് സൂപ്രണ്ട് വീരേന്ദ്ര യാദവ് സംഭവത്തെ ന്യായീകരിച്ച് രംഗത്തത്തെി. വനിതാ പൊലീസാണ് ശിരോവസ്ത്രം മാറ്റിച്ചതെന്നും ഐഡന്‍റിറ്റി കാര്‍ഡിലെ മുഖവുമായി ഒത്തുനോക്കാനാണ് അങ്ങിനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ  പ്രധാന ഭാഷാപത്രങ്ങളിലൊന്നിലും സംഭവം വാര്‍ത്തയായില്ല.
ഒരു ദേശീയ ഇംഗ്ളീഷ് ദിനപത്രം സംഭവത്തെ വലിയ വാര്‍ത്തയാക്കിയപ്പോള്‍ മറ്റൊരു ദേശീയ പത്രത്തില്‍ ചെറിയ വാര്‍ത്ത വന്നു.  പ്രാദേശിക-ദേശീയ  ചാനലുകളും ഇത് വാര്‍ത്തയാക്കിയില്ല.

 

Tags:    
News Summary - hijab issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.