ബംഗളൂരു: കർണാടകയിലെ വിദ്യാലയങ്ങളിലെ ശിരോവസ്ത്ര വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി എസ്.എസ്.എൽ.സി പരീക്ഷക്ക് തിങ്കളാഴ്ച തുടക്കമായി. സർക്കാറിന്റെ നിർദേശംമറികടന്ന് ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അധികൃതർ തടഞ്ഞു.
ശിരോവസ്ത്രം മാറ്റിയശേഷമാണ് ഇവർക്ക് പരീക്ഷഹാളിലേക്ക് പ്രവേശനം നൽകിയത്. എന്നാൽ, ശിരോവസ്ത്രം മാറ്റാൻ വിസമ്മതിച്ച ബംഗളൂരു ശാന്തിനികേതൻ പരീക്ഷ കേന്ദ്രത്തിലെ വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.
ബാഗൽകോട്ട് ഇൽകൽ ഗവ. സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയെ അധികൃതർ തടഞ്ഞതോടെ പരീക്ഷയെഴുതാതെ വിദ്യാർഥിനി മടങ്ങി. ബംഗളൂരുവിലെ കെ.എസ്.ടി.വി ഹൈസ്കൂളിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക നൂർഫാത്തിമയോട് ശിരോവസ്ത്രം മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, വിസമ്മതിച്ച അധ്യാപികയെ പരീക്ഷകേന്ദ്രത്തിൽനിന്ന് തിരിച്ചയച്ചു.
അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷക്ക് ഹാജരാവുന്ന വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.