ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെറും നാല് റൗണ്ടുകൾ മാത്രം പിന്നിടുമ്പോൾ, തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്‌യുടെ വസതിക്ക് മുന്നിൽ ആരാധകരുടെയും പ്രവർത്തകരുടെയും വൻ തിരക്ക്. വിജയ് മത്സരിച്ച മണ്ഡലങ്ങളിൽ അദ്ദേഹം വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ, ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ആരാധകർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
വിജയ്‌യുടെ ചെന്നൈ പനയൂരിലെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പൊലീസുകാരും സൈനിക യൂണിഫോമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വിജയ്‌യുടെ വീടിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കവേ സംഘർഷാവസ്ഥ ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം.
കോയമ്പത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലും നൂറുകണക്കിന് പ്രവർത്തകരാണ് വിജയാഘോഷങ്ങളുമായി തടിച്ചുകൂടിയിരിക്കുന്നത്. ചെന്നൈയിലെ പനയൂരിന് സമാനമായി കോയമ്പത്തൂരിലും വിജയ്‌യുടെ ചിത്രങ്ങളുള്ള പതാകകൾ ഏന്തിയും പാട്ടുപാടിയും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം കൊണ്ടാടുന്നത്. ദളപതി വിളികളാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരം മുഖരിതമാണ്.
നിലവിലെ സൂചനകൾ പ്രകാരം വിജയ്‌യുടെ ടി.വി.കെ ഒന്നാമതും, എ.ഐ.എ.ഡി.എം.കെ നേതൃത്വം നൽകുന്ന സഖ്യം രണ്ടാമതുമാണ്. ഭരണകക്ഷിയായ ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് രാഷ്ട്രീയ കേരളത്തെയും തമിഴ്നാടിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും താരം മുന്നിലാണ്. എന്നാൽ പുതുച്ചേരിയിൽ ടി.വി.കെ പിന്നിലാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് സിനിമാ ലോകത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ വോട്ടെണ്ണലിന് മുന്നോടിയായി തിരുത്തണി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. സിബി സത്യരാജ്, ജയ്, വരലക്ഷ്മി ശരത്കുമാർ, ശ്രീമൻ തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിജയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിക്കൊണ്ട് വിജയ് എന്ന രാഷ്ട്രീയക്കാരൻ തമിഴ് മണ്ണിൽ ചുവടുറപ്പിക്കുമോ എന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.