ഊട്ടി: ബൊട്ടാണിക്കൽ ഗാർഡനിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത 127ാമത് പുഷ്പപ്രദർശന ദിവസം ഉച്ചക്ക് 12ഓടെ മഴപെയ്തത് പുഷ്പമേളക്ക് മങ്ങലേൽപ്പിച്ചു. അര മണിക്കൂർ നേരം മഴ പെയ്തശേഷം പിന്നീട് ആകാശം മേഘാവൃതമാവുകയും ഇടവിട്ട് ചാറ്റൽ മഴ പെയ്തതും കാരണം സഞ്ചാരികൾ ഗാർഡനിൽനിന്ന് പിന്മാറി.
ഇ-പാസ് നിയന്ത്രണമുള്ളതിനാൽ വളരെ കുറവ് വിനോദസഞ്ചാരികളാണ് എത്തിയത്. തമിഴ്നാടിന്റെയും കർണാടക, വടക്കേ ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതൽ കാണപ്പെട്ടത്. കേരളത്തിൽനിന്നുള്ള സഞ്ചാരികൾ ഇത്തവണ കുറവായിരുന്നു. നിയന്ത്രണം കാരണം പത്ത് ദിവസത്തെ പ്രദർശനമാണ് നടത്തുന്നത്.
സാധാരണഗതിയിൽ ഉദ്ഘാടനശേഷം ഗാർഡനിലെ പൊതുവേദിയിൽ മുഖ്യമന്ത്രിമാരോ ഉദ്ഘാടകരോ മുഖ്യപ്രഭാഷണം നടത്തുക പതിവാണ്. എന്നാൽ, ഇത്തവണ പ്രധാന ചടങ്ങുകളൊന്നും നടന്നില്ല. ഇതിനാൽതന്നെ ഗൂഡല്ലൂർ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഡല്ലൂരിലെ വിവിധ പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രിയിൽനിന്ന് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷ ഗൂഡല്ലൂർ ജനങ്ങളെ നിരാശപ്പെടുത്തി.
ഇതിനിടെ, മേയ് മാസം പകുതിയാവുമ്പോഴേക്കും നടത്തുന്ന പുഷ്പ പ്രദർശനം ഇനി ഏപ്രിൽ അവസാനത്തിലോ മേയ് ആദ്യവാരത്തിലോ നടത്തുകയാണെങ്കിൽ വേനൽമഴ ബാധിക്കുകയില്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കോടികളുടെ ചെലവിലാണ് ജമന്തി വിവിധ ഇനം പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. മഴ പെയ്യുന്നതോടെ ഇവ അഴുകി നശിക്കാനും കാരണമാകുന്നു.
ഇ-പാസ് നിയന്ത്രണം വ്യാപാരികളടക്കം പലരും പ്രതികൂലമാണെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അമിത വാഹന പ്രവാഹവും തിരക്കുകൾ കാരണം ലോഡ്ജ്, ഹോട്ടൽ, കോട്ടേജ് എന്നിവിടങ്ങളിലെ വാടകയും ഭക്ഷ്യവസ്തുക്കളുടെ അമിതവില ഈടാക്കലിനും നിയന്ത്രണം ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമുണ്ട്. കൂടാതെ, ഗതാഗതക്കുരുക്കിനും ശമനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.