മുംബൈ/പുണെ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയിൽ മുംബൈ-പുണെ നഗരങ്ങൾ തമ്മിലുള്ള ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു. തുടർച്ചയായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ട്രെയിൻ സർവീസുകൾ നിർത്തിവെക്കുകയും മുംബൈ-പുണെ എക്സ്പ്രസ് വേയും പഴയ ഹൈവേയും അടച്ചിടുകയും ചെയ്തു. ഇതോടെ ഇരുനഗരങ്ങൾക്കിടയിലുള്ള യാത്രാബന്ധം വിച്ഛേദിക്കപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ 3.05ഓടെയാണ് കർജത്ത്-ലോണാവാല ഭോർ ഘട്ട് സെക്ഷനിലെ താക്കൂർവാടിക്ക് സമീപം ഉരുൾപൊട്ടലുണ്ടായത്. തൊട്ടുപിന്നാലെ ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിലും ഉരുൾപൊട്ടലുണ്ടായതായി സെൻട്രൽ റെയിൽവേ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പുണെയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസ്സപ്പെട്ടു.
കുറഞ്ഞത് 16 ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും ഒമ്പതെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്ദ്രായണി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, ഡെക്കാൻ എക്സ്പ്രസ്, ഡെക്കാൻ ക്വീൻ, പ്രഗതി എക്സ്പ്രസ്, ധൂലെ എക്സ്പ്രസ്, പുണെ-സി.എസ്.എം.ടി സിംഹഗഡ് എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയിൽപ്പെടുന്നു. നിരവധി ദീർഘദൂര ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തു. അടിയന്തര പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും യാത്രക്കാർ ട്രെയിൻ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം യാത്ര തിരിക്കണമെന്നും റെയിൽവേ അധികൃതർ നിർദ്ദേശിച്ചു.
മുംബൈ-പുണെ എക്സ്പ്രസ് വേയുടെയും പഴയ ഹൈവേയുടെയും ഇരുവശങ്ങളിലൂടെയുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഖോപോളി-കുസ്ഗാവ് മിസ്സിങ് ലിങ്ക് സെക്ഷനിൽ ടണൽ-രണ്ടിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് പുണെയിലേക്കുള്ള ഗതാഗതം പുലർച്ചെ തന്നെ വഴിതിരിച്ചുവിട്ടിരുന്നു. പഴയ ഹൈവേയുടെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി.
എക്സ്പ്രസ് വേയുടെ കണക്റ്റിങ് ലിങ്കിനും മിസ്സിങ് ലിങ്കിനും ഇടയിൽ കോൺക്രീറ്റ് തൂൺ റോഡിലേക്ക് തകർന്നുവീണതും ഗതാഗതത്തെ സാരമായി ബാധിച്ചു. മാവൽ, തംഹിണി ഘട്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം രൂപപ്പെട്ടതോടെ ഇവിടങ്ങളിലൂടെയുള്ള ബദൽ വഴികളും അടഞ്ഞു. ഖണ്ഡാല ഘട്ട് ഭാഗത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം വാഹന ഗതാഗതം ദുഷ്കരമാണ്.
മുംബൈയിൽ ഓറഞ്ച് അലർട്ടും പുണെയിൽ റെഡ് അലർട്ടുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാതെ ഇരുനഗരങ്ങൾക്കിടയിൽ യാത്ര ചെയ്യരുതെന്ന് ഹൈവേ ട്രാഫിക് പൊലീസും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷനും പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും മുന്നറിയിപ്പ് നൽകി. തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ മുംബൈ, പുണെ, താനെ, പാൽഘർ ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.