രാജസ്ഥാന്‍ ഗവൺമെന്‍റ് ഹെൽത്ത് സ്കീമിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോഗ്യവകുപ്പ് : ഡോക്ടറും ലാബ് ഉടമയും അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാൻ ഗവൺമെന്റ് ഹെൽത്ത് സ്കീമിൽ (ആർ.ജി.എച്ച്.എസ്) കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംസ്ഥാന പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കണ്ടെത്തി. ഡോക്ടർമാരും ലാബ് ഉടമകളും ചേർന്ന് നടത്തിയ ക്രമക്കേടിലൂടെ സംസ്ഥാനത്തെ ഖജനാവിന് വലിയ നഷ്ടം സംഭവിച്ചതായി പൊലീസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യവും മികച്ചതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള രാജസ്ഥാൻ സർക്കാറിന്റെ അഭിമാന പദ്ധതിയാണ് ആർ.ജി.എച്ച്.എസ്. ഇതിന്‍റെ മറവിൽ വന്‍ അഴിമതി നടന്നതായാണ് കണ്ടെത്തൽ.

സംഭവത്തിൽ സീക്കറിലെ എസ്.കെ ആശുപത്രി ഓർത്തോപീഡിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കമൽ കുമാർ അഗർവാൾ, സ്വകാര്യ ലാബ് ഉടമ ഡോ. ബൻവാരി ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗികളെ പരിശോധിക്കാതെ അവരുടെ അസാന്നിധ്യത്തിൽ അനാവശ്യമായ ലാബ് പരിശോധനകളും എം.ആർ.ഐ സ്കാനുകളും ഡോക്ടർമാർ നിർദേശിക്കുകയും തുടർന്ന് വ്യാജ ലാബ് റിപ്പോർട്ടുകൾ തയ്യാറാക്കി പണം തട്ടിയെടുക്കുമായിരുന്നു ഇവരുടെ രീതി. ഇതിന്‍റെ ഭാഗമായി സാധാരണ എം.ആർ.ഐ സ്കാനുകൾ 'കോൺട്രാസ്റ്റ് എം.ആർ.ഐ' എന്ന പേരിൽ രേഖപ്പെടുത്തി ഉയർന്ന തുക ഈടാക്കി. ഡോക്ടർമാർ അവധിയിലായിരുന്ന ദിവസങ്ങളിൽ പോലും അവരുടെ പേരിൽ കുറിപ്പടികൾ തട്ടിപ്പുസംഘം തയ്യാറാക്കിയിരുന്നു. കൂടാത ഒരു ദിവസം നടന്ന പരിശോധനയുടെ റിപ്പോർട്ടിലെ തീയതി മാറ്റി മറ്റൊരു ദിവസത്തെ ബില്ലാക്കി മാറ്റി പണം കൈപ്പറ്റി.

സ്വകാര്യ ഡോക്ടർമാർ നൽകുന്ന റഫറൽ കത്തുകൾ സർക്കാർ ഡോക്ടർമാരുടേതാക്കി മാറ്റി പദ്ധതിയിലൂടെ ഇവർ ആനുകൂല്യം നേടിയെടുത്തു. മറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളുടെ പേരിൽ വരെ ഈ സംഘം വ്യാജ ക്ലെയിമുകൾ ഉന്നയിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നത് തടയുകയും ചെയ്യുന്നതായി എ.ഡി.ജി.പി വിശാൽ ബൻസാൽ പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഡോക്ടർമാർക്കോ ലാബ് ജീവനക്കാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Health Department Uncovers Crores in Fraud Within Rajasthan Government Health Scheme: Doctor and Lab Owner Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.