2022ൽ വാഗ്ദാനങ്ങൾ പാലിക്കാത്തയാൾ 2047 ലേക്ക് വാഗ്ദാനം നൽകുന്നു - മോദിയെ പരിഹസിച്ച് ഡെറിക് ഒ​ബ്രെയ്ൻ

ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രെയ്ൻ. 2022ൽ വാഗ്ദാനങ്ങൾ പാലിക്കാത്തയാൾ 2047 ലേക്ക് വാഗ്ദാനം നൽകുന്നുവെന്നാണ് ഡെറിക് പരിഹസിച്ചത്.

75ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ അടുത്ത 25 വർഷങ്ങൾ രാജ്യത്തിന് നിർണായകമാണെന്ന് മോദി പ്രസംഗിച്ചിരുന്നു. 25 വർഷം നിർണായകമാണെന്ന് പറയുന്നതിൽ നാം ചില പോരായ്മകൾ കണ്ടെത്തിയേക്കാം. പക്ഷേ, തനിക്ക് കാര്യങ്ങൾ വ്യക്തമായി കാണാനാകുന്നുണ്ട്. മുമ്പ് നാം കൊണ്ടുവന്ന പ്രമേയങ്ങളെ ഇന്നാണ് തരിച്ചറിയുന്നത്. അതുപോലെ ഇന്ന് പരിഹരിക്കുന്ന കാര്യങ്ങൾ 2047ലാണ് നാം തിരിച്ചറിയുക -എന്നായിരുന്നു മോദിയുടെ പ്രസംഗം.

ഇതിനെ പരിഹസിച്ചാണ് ഡെറിക് ഒബ്രെയ്ൻ ട്വീറ്റ് ചെയ്തത്. 'അയോഗ്യനായ പ്രധാനമന്ത്രി. 2022ൽ നിരവധി വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ ഇപ്പോൾ 2047 ലേക്ക് പരിശ്രമിക്കുന്നു' - ഒബ്രിക് ട്വീറ്റ് ചെയ്തു.

2001ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം മോദി ഗുജറാത്തിലെത്തിയത്. അവിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്ത് ഒന്നിനുപിറകെ ഒന്നായി നിരവധി പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ രാജ്യത്തും ലോകത്തിനുമുന്നിലും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നു. ഗുജറാത്തിൽ നിക്ഷേപങ്ങൾ വരുന്നത് തടാൻ നിരവധി ശ്രമങ്ങളുണ്ടായി എന്നും മോദി പ്രസംഗിച്ചിരുന്നു.

എന്നാൽ മോദിയുടെ പ്രസംഗത്തിന് യു.പി.എ സർക്കാറിലെ കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശ് മറുപടി നൽകി. 'ഗുജറാത്തിനെ അപകീർത്തി​പ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന് പറയാൻ കഴിയാത്ത ഒരു സത്യമുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് വളരെ മുമ്പുതന്നെ ഗുജറാത്ത് അതിന്റെ സംരംഭകത്വ ശേഷിയാൽ സാമ്പത്തിക ശക്തികേന്ദ്രമായി ഉയർന്നുവന്നിരുന്നു എന്നതാണ് അത്. ഇന്ത്യൻ നഷണൽ കോൺഗ്രസ് സർക്കാരുകളുടെ പൊതുമേഖലാ നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചു' - ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

Tags:    
News Summary - He who doesn't keep his promises in 2022 promises in 2047 - Derrick O'Brien mocks Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.