‘അവൻ കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്?’; യു.എസ് പൊലീസ് വെടിവെച്ചുകൊന്ന നിസാമുദ്ദീന്റെ കുടുംബം

വാഷിങ്ടൺ: അമേരിക്കയിൽ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തിയ ടെക്കിയായ ഇന്ത്യൻ യുവാവ് കടുത്ത വംശവെറിക്ക് ഇരയായിരുന്നുവെന്ന് പിതാവും ബന്ധുക്കളും. തെലങ്കാനയിലെ മഹാബുബനഗർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 3ന് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ വെച്ചാണ് നിസാമുദ്ദീനു നേർക്ക് വെടിവെപ്പുണ്ടായത്. എന്നാൽ, സെപ്റ്റംബർ 18നാണ് കുടുംബത്തെ വിവരം അറിയിച്ചത്. റൂമിൽ ഒപ്പമുണ്ടായിരുന്നയാളെ കുത്തിയെന്നാരോപിച്ചാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന വിവരമാണ് യു.എസ് പൊലീസ് നൽകിയത്.

നിസാമുദ്ദീന്റെ കുടുംബത്തിന് ഇപ്പോഴും ഈ ദുരന്തവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ‘ഒരു ചെറുപ്പക്കാരന്റെ ജീവൻ അപഹരിക്കപ്പെട്ടിരിക്കുന്നു. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ യു.എസ് അധികൃതരിൽ ഉണ്ടായിരുന്നിട്ടും ഞങ്ങളെ അറിയിക്കാൻ 15 ദിവസമെടുത്തു എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം’ -അദ്ദേഹത്തിന്റെ ഇളയ സഹോദരൻ മുഹമ്മദ് ഖാജ മൊയ്‌നുദ്ദീൻ പറഞ്ഞു. എന്റെ സഹോദരന്റെ മൃതദേഹം അവിടെയുള്ള ഒരു ആശുപത്രി മോർച്ചറിയിൽ കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. വെടിവെപ്പിൽ മരിച്ചുവെന്ന് വാർത്ത കേട്ടതിനുശേഷം ഞങ്ങളുടെ മാതാവ് പാടെ തകർന്നിരിക്കുകയാണെന്നും മൊയ്‌നുദ്ദീൻ പറഞ്ഞു. 

യു.എസ് പൗരന്മാരായ മറ്റ് രണ്ട് റൂംമേറ്റുകളുമായി ഒരു ഫ്ലാറ്റ് പങ്കിട്ടായിരുന്നു നിസാമുദ്ദീന്റെ താമസമെന്ന് മൊയ്‌നുദ്ദീൻ പറഞ്ഞു. വെടിവെപ്പിന് ദിവസങ്ങൾക്ക് മുമ്പ് ഒരു സമൂഹ മാധ്യമ പോസ്റ്റിൽ വംശീയ വിദ്വേഷം, ശമ്പള തട്ടിപ്പ്, അന്യായ പിരിച്ചുവിടൽ എന്നിവ നേരിട്ടതായി നിസാമുദ്ദീൻ എഴുതിയിരുന്നു.

വിരമിച്ച സർക്കാർ അധ്യാപകനാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ. മൂത്ത സഹോദരി ഡോക്ടറാണ്. 2015 ഡിസംബറിലാണ് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് കോഴ്‌സിനായി നിസാമുദ്ദീൻ യു.എസിലേക്ക് പോയത്. 2017ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് അത് പൂർത്തിയാക്കി. പിന്നീട് അടുത്തിടെ മഹ്ബൂബ്‌നഗറിലെ ജയപ്രകാശ് നാരായൺ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ഇ.സി.ഇയിൽ ബി.ടെക്കും പൂർത്തിയാക്കി. തുടർന്ന്, കാലിഫോർണിയയിൽ സോഫ്റ്റ്​വെയർ എൻജിനീയറായി ജോലി നോക്കി. അവിടെനിന്ന് വംശീയ വിവേചനവും പീഡനവും നേരിട്ടിരുന്നുവെന്നും തുടർന്ന് ആ ജോലി ഉപേക്ഷിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു. സാന്ത ക്ലാര പൊലീസാണ് ഇയാളെ വെടിവെച്ച് കൊന്നതെന്നും മകന്റെ സുഹൃത്തിന്റെ പിതാവിൽ നിന്നാണ് മരണവിവരം ആദ്യം അറിയുന്നതെന്നും ഹസ്നുദ്ദീൻ കൂട്ടിച്ചേർത്തു. 

‘ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വിഡിയോ കോളുകൾ ചെയ്യുമായിരുന്നു. റൂംമേറ്റുകളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു, പക്ഷേ, അത് ഇത്ര മോശമാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. വംശീയ വിവേചനവും വെറുപ്പും റൂംമേറ്റുകളുടെ ആക്രമണാത്മക പെരുമാറ്റത്തെയും കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, പൊലീസിന്റെ ഇടപെടൽ ആവശ്യമായി വരാൻ മാത്രം കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ആരും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുകയും മറ്റുള്ളവരോട് ദയ കാണിക്കുകയും ചെയ്ത ഒരു നിരപരാധിയെ എന്തിനാണ് ഇങ്ങനെ വെടിവച്ചുകൊന്നത്?’- മൊയ്‌നുദ്ദീൻ ചോദിച്ചു.

സമൂഹ മാധ്യമ പോസ്റ്റിൽ നിന്ന്, വീട്ടുടമസ്ഥനിൽനിന്ന് കുടിയിറക്കൽ നോട്ടീസ് ലഭിച്ചതായും അത് അന്യായമാണെന്ന് തോന്നിയതിനാൽ കുടിയൊഴിപ്പിക്കലിനെതിരെ പോരാടുകയിരുന്നുവെന്നും മനസ്സിലാക്കാനായി. മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായം അഭ്യർഥിച്ച് നിസാമുദ്ദീന്റെ പിതാവ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് ഒരു കത്ത് എഴുതിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, അതിന് കുറച്ച് സമയമെടുത്തേക്കാം -ഹസ്നുദ്ദീൻ പറഞ്ഞു. 

Tags:    
News Summary - ‘He was subjected to severe racial discrimination; Why was an innocent man who only showed kindness to others killed?’; Family of Nizamuddin shot dead by US police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.