ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകക്ക് എതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സി.ഡബ്ല്യു.ആർ.സി അനുവദിച്ച ജലത്തിന്റെ അളവും കർണാടക വിട്ടുനൽകിയ വെള്ളത്തിന്റെ അളവും തമിഴ്നാടിന് അർഹമായ വിഹിതത്തേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ നേതൃത്വത്തിൽ മുതിർന്ന അഭിഭാഷകരുമായി വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
കണക്കുകൾ പ്രകാരം കർണാടകയിലെ കെ.ആർ.എസ്, കബനി, ഹാരംഗി, ഹേമാവതി എന്നീ അണക്കെട്ടുകളിലെ ആകെ ജലസംഭരണശേഷി 77.537 ടി.എം.സി.യാണെന്നും തമിഴ്നാടിന് അർഹമായ വിഹിതം വിട്ടുനൽകാൻ കർണാടകക്ക് യാതൊരു തടസ്സവുമില്ലെന്നും തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടി.
അടുത്തിടെ കെ.ആർ.എസ്, കബനി അണക്കെട്ടുകളുടെ ജല ശേഖരണ പ്രദേശങ്ങളിൽ ലഭിച്ച ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ബിലിഗുണ്ടിൽ തമിഴ്നാടിന് ലഭിക്കേണ്ട ആനുപാതിക ജലവിഹിതം 26.954 ടി.എം.സി ആണെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ സി.ഡബ്ല്യു.ആർ.സി അനുവദി ച്ചത് വെറും 4.536 ടി.എം.സി മാത്രമാണെന്നും ഇത് അർഹമായ വിഹിതത്തേക്കാൾ വളരെ കുറവാണെന്നും തമിഴ്നാട് ആരോപിച്ചു. തമിഴ്നാടിന് ലഭിക്കേണ്ട 26.954 ടി.എം.സി വെള്ളം കർണാടക വിട്ടുനൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്ന് സർക്കാർ അറിയിച്ചു. തമിഴ്നാടിന് അർഹമായ ജലവിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പ്രശ്നത്തിന് പരിഹാരം കാണുന്നതിനുമായി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.