അഭിജീത് ദീപ്കെ

‘ബലാംത്സംഗ കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിച്ച ആളാണ് പുതിയ വിദ്യാഭ്യാസ മന്ത്രി’- കേന്ദ്ര സർക്കാരിനെതിരെ അഭിജീത് ദീപ്കെ

ന്യൂഡൽഹി: ബിൽകിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിച്ച പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിൽ കടുത്ത വിമർശനവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധം വിജയിച്ചെങ്കിലും, അദ്ദേഹത്തിന് പകരം പ്രഹ്ലാദ് ജോഷിയെ ആ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെ അംഗീകരിക്കാനാകില്ലെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി.

ബിൽകിസ് ബാനു കേസിലെ പ്രതികളെ പരസ്യമായി മാലയിട്ട ജോഷിയെ ഈ പദവിയിൽ ഇരുത്തുന്നത് സ്കൂളിൽ പോകുന്ന പെൺകുട്ടികളിൽ എന്ത് തോന്നലാകും ഉണ്ടാക്കുകയെന്ന് അഭിജീത് ദീപകെ ചോദിച്ചു. മാധ്യമങ്ങുളാട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിരുന്ന 11 പ്രതികളെ 2022ൽ വെറുതെവിട്ട നടപടിയെ പ്രഹ്ലാദ് ജോഷി അന്ന് ശക്തമായി പിന്തുണച്ചിരുന്നു. സർക്കാരും ബന്ധപ്പെട്ടവരും നിയമപരമായ പ്രക്രിയയിലൂടെയാണ് തീരുമാനമെടുത്തതെന്നും തനിക്ക് അതിൽ യാതൊരു തെറ്റും കാണാൻ കഴിയുന്നില്ലെന്നുമായിരുന്നു ജോഷി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

പ്രതികളെ വെറുതെവിട്ട നടപടി രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇരക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളുടെ ശിക്ഷാകാലയളവ് വെട്ടിച്ചുരുക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകളാണ് ഉയർന്നത്.

സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് പിന്നീട് പ്രതികളുടെ ഇളവ് റദ്ദാക്കുകയും അവരെ വീണ്ടും ജയിലിലേക്ക് അയക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്തരം വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും ഭരണഘടനാ പദവികളിൽ ഇരിക്കുന്ന വ്യക്തികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടുകയാണ്.ഇതിനിടെ പ്രഹ്ലാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പിമാരായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു.

ഇതിനിടെ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ഇതുവരെ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ദീപ്കെ കുറ്റപ്പെടുത്തി. എം.എൽ.എമാരെയും എം.പിമാരെയും വാങ്ങാൻ കോടികൾ ചെലവഴിക്കുന്ന സർക്കാരിന് നഷ്ടപരിഹാരം നൽകാൻ വരുമ്പോൾ മാത്രമാണ് നിയമങ്ങളും ചട്ടങ്ങളും ഓർമ്മ വരുന്നതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി. ഇത് അവരുടെ ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ദീപ്കെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

അതേസമയം, ജന്തർ മന്ദറിലെ വിദ്യാർഥി സമരത്തെ നേപ്പാളിലെയും ബംഗ്ലാദേശിലെയും ജനകീയ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുന്നത് തങ്ങളുടെ സംഘടനയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾ അവരിൽ നിന്ന് തികച്ചും വ്യത്യസ്തരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സി.ജെ.പി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ തനിക്ക് 2024ലെ ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ദീപകെ ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട സമരത്തിനൊടുവിൽ ജൂലൈ 25-നാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്.

Tags:    
News Summary - ബലാംത്സംഗ കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിച്ച ആളാണ് പുതിയ വിദ്യാഭ്യാസ മന്ത്രി|കേന്ദ്ര സർക്കാരിനെതിരെ അഭിജീത് ദീപ്കെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.