മുംബൈ
തെക്കൻ മുംബൈ വൃത്തിയായതുകൊണ്ട് മുംബൈ മുഴുവൻ വൃത്തിയായി എന്നല്ല; ബിഎംസിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈകോടതി
മുംബൈ: മുംബൈ നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെ (ബിഎംസി) കടുത്ത ഭാഷയിൽ വിമർശിച്ച് ബോംബെ ഹൈകോടതി. നഗരത്തിലെ പോഷ് ഏരിയകൾ മാത്രം വൃത്തിയാക്കിയാൽ പോരാ, മുംബൈ എന്നാൽ തെക്കൻ മുംബൈ മാത്രമല്ലെന്ന് കോടതി ഓർമിപ്പിച്ചു. ‘എല്ലായിടത്തും മാലിന്യമാണ്. തെക്കൻ മുംബൈയും വോർളിയും വൃത്തിയായതുകൊണ്ട് മാത്രം മുംബൈ മുഴുവൻ വൃത്തിയായി എന്ന് പറയാൻ കഴിയില്ല’ എന്ന് കോടതി തുറന്നടിച്ചു.
ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നഗരത്തിലെ പ്രധാന മാലിന്യ സംസ്കരണ കേന്ദ്രമായ കഞ്ചൂർമാർഗ് ലാൻഡ്‌ഫില്ലിൽ മുനിസിപ്പൽ ഖരമാലിന്യം തുടർച്ചയായി നിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം പൊതുതാൽപര്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജോഗേശ്വരിയിലും മലാഡിലും സ്ഥിതി ഗുരുതരമാണ്. 24 വാർഡുകൾക്കും പ്രത്യേക ശുചിത്വ പ്ലാൻ നൽകിയിട്ടും തെരുവുകളിൽ മാലിന്യം തള്ളുന്നത് അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കോടതിയുടെ നിരീക്ഷണത്തിൽ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതിയാണ് ഏറ്റവും പരിതാപകരം. ജോഗേശ്വരി, മലാഡ്, കാന്തിവ്‌ലി, ബോറിവ്‌ലി തുടങ്ങിയ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ റോഡരികിൽ തന്നെ കിടക്കുകയാണ്. ഇത് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തുന്നതായി കോടതി പറഞ്ഞു. വർഷങ്ങളായി കോടതി നിരവധി നിർദേശങ്ങൾ നൽകിയിട്ടും നഗരത്തിന്റെ ശുചിത്വത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ബെഞ്ച് വിമർശിച്ചു.
‘ഞങ്ങൾ ആർക്കും എതിരല്ല, പക്ഷേ അടിസ്ഥാന ശുചിത്വ അച്ചടക്കം ഉണ്ടായിരിക്കണം. വാർഡ് ശുചിത്വം പാലിക്കപ്പെടണം. ഞങ്ങൾക്ക് ആശങ്ക പൗരന്മാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമാണ്’ കോടതി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് ഹൈകോടതി. നിലവിലെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാൻ വാർഡ് ഓഫീസർമാർ ഫീൽഡിൽ ഇറങ്ങി എന്ത് നടപടി സ്വീകരിച്ചു, ഗാന്ധി ജയന്തി ദിനത്തിൽ 'സ്വച്ഛതാ അഭിയാൻ' ഭാഗമായി എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നതുൾപ്പെടെ വിശദീകരിക്കുന്ന സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ബിഎംസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ സെപ്റ്റംബർ 10ന് കേസ് പരിഗണിച്ചപ്പോഴും കോടതി ബിഎംസിക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിലെ മാലിന്യ, വൃത്തിഹീന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ വാർഡ് ഓഫീസർമാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു.
പൗരന്മാർക്ക് ഒരു മാനസിക തടസ്സമുണ്ട്. എവിടെയെങ്കിലും തുറസ്സായ സ്ഥലം കണ്ടാൽ അവിടെ മാലിന്യം തള്ളുന്നു. നമുക്ക് ഏറ്റവും മികച്ച നിയമങ്ങളുണ്ട്, പക്ഷേ നടപ്പാക്കുമ്പോൾ പ്രശ്നമാണ്’ ബെഞ്ച് അന്ന് നിരീക്ഷിച്ചിരുന്നു. മുംബൈയെ ശുചിയാക്കാനുള്ള ബിഎംസിയുടെ പദ്ധതികൾ പേപ്പറിൽ മാത്രം ഒതുങ്ങുകയാണെന്നും, പ്രായോഗിക തലത്തിൽ നടപ്പാക്കുന്നില്ലെന്നുമുള്ള വിമർശനം ശക്തമാകുന്നതിനിടെയാണ് ഹൈകോടതിയുടെ ഈ പരാമർശം.കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഒക്ടോബർ 22ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.