ഗ്യാനേഷ് കുമാർ


തെരഞ്ഞെടുപ്പ് കമീഷനെ അധിക്ഷേപിക്കുന്നത് ജനാധിപത്യപരമായ അവകാശമല്ല; പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ 42 മുൻ ജഡ്ജിമാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പുതുക്കലിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ചും പ്രതിപക്ഷ പാർട്ടികൾ തെരുവ് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ, തെരഞ്ഞെടുപ്പ് കമീഷനെ പ്രതിരോധിച്ച് സുപ്രീം കോടതിയിലെയും വിവിധ ഹൈകോടതികളിലെയും മുൻ ജഡ്ജിമാർ ഉൾപ്പെടെ 42 പ്രമുഖ നിയമജ്ഞർ ഒപ്പുവെച്ച തുറന്ന കത്ത് പുറത്ത്. തെരഞ്ഞെടുപ്പ് കമീഷനെയും നീതിന്യായ വ്യവസ്ഥയെയും തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആസൂത്രിത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കത്തിൽ ഇവർ രൂക്ഷമായ ആശങ്ക പ്രകടിപ്പിച്ചു.

സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും എന്നാൽ അവയെ അപകീർത്തിപ്പെടുത്തുന്നതും തകർക്കാൻ ശ്രമിക്കുന്നതും ആ അവകാശത്തിൽ പെടില്ലെന്നും മുൻ ജഡ്ജിമാർ ഓർമിപ്പിച്ചു.

'വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിത്തറ; തെളിവില്ലാത്ത വോട്ട് മോഷണ ആരോപണങ്ങൾ'

വോട്ടർപട്ടികയുടെ സമഗ്രതയും കൃത്യതയും ഉറപ്പുവരുത്താൻ നിയമപരമായ അധികാരമുപയോഗിച്ച് നടത്തുന്ന നടപടിയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന് ഒപ്പുവെച്ചവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളുടെ സാധുതയെത്തന്നെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്ത് അരാജകത്വത്തിനും കലാപങ്ങൾക്കും വഴിവെക്കുമെന്നും അവർ ആരോപിക്കുന്നു.

"വോട്ട് കള്ളത്തരമെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത് പത്രസമ്മേളനങ്ങളിലാണ്, അല്ലാതെ കോടതികളിലല്ല. തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം ആവശ്യപ്പെടുമ്പോൾ ആരും അത് സമർപ്പിക്കാറില്ല. പരാജയപ്പെടുമ്പോൾ മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തുന്നത്. അതേ മെഷീനുകളിലൂടെയുള്ള സ്വന്തം വിജയങ്ങളെ ചോദ്യം ചെയ്യാറുമില്ല. അഞ്ച് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഒരു പാർട്ടി ഇപ്പോൾ അവരെ അധികാരത്തിലേറ്റിയ വ്യവസ്ഥയെത്തന്നെ തള്ളിപ്പറയുകയാണ്. ചില ആക്ടിവിസ്റ്റ് സംഘടനകൾ യാതൊരു തെളിവുമില്ലാതെ ഹരജികൾ ഫയൽ ചെയ്ത് കോടതിമുറികളെ വേദിയാക്കുന്നു. വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ കോടതികളെയും വിചാരണ ചെയ്യുകയും അധിക്ഷേപങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു."

സുപ്രീം കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരുൾപ്പെടെ ഹൈകോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരുമാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും കോക്രോച്ച് ജനതാ പാർട്ടിക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് കത്തിലുള്ളത്.

Tags:    
News Summary - 42 Retired Judges Back Election Commission, Warn Against Sustained Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.