പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം വിളിച്ചു; ബിജെ.പിക്കാരനെ പഞ്ഞിക്കിട്ട് കോൺഗ്രസ് പ്രവർത്തകർ -വിഡിയോ

ന്യൂഡൽഹി: എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരത്തിനിടയിൽ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ച് ബി.ജെ.പി പ്രവർത്തകൻ. സമാധാനപരമായ പ്രതിഷേധ പ്രകടനത്തിനിടയിൽ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച വ്യക്തിയെ കോൺഗ്രസ് പ്രവർത്തകർ കൈക്കാര്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് തള്ളുന്നതും കൈകാര്യം ചെയ്യുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തിൽ ചിലർ അത് തടയാൻ ശ്രമിച്ചെങ്കിലും പ്രശ്നം സംഘർഭരിതമാവുകയായിരുന്നു. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണവും കൃത്യമായ സ്ഥലവും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം.

പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഘർഷം ബി.ജെ.പി രാഷ്ട്രീയായുധമാക്കി രംഗത്തെത്തി. സംഭവത്തിന്റെ വൈറൽ വിഡിയോ പങ്കുവെച്ച് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശം അറിയിച്ചു. രാജ്യത്തെ ഒരു പൗരൻ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചപ്പോൾ ചിലർ അയാളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹത്തിന്റെ വാദം.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് മുഖ്യലക്ഷ്യം. ഭരണകക്ഷിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടുന്നുവെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. 

പുതിയ വോട്ടർമാർക്കുള്ള ഫോം 6ൽ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയെന്ന പ്രമുഖ ചാനലിന്റെ റിപ്പോർട്ടും രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്നുമുള്ള വാർത്തകളാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ആക്കം കൂട്ടിയത്. സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും തീരുമാനം.

Tags:    
News Summary - BJP Worker Manhandled by Congress Activists After Raising Pro-Modi Slogans at Opposition Protest in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.