ജന്തർമന്തർ സമര വിലക്കിനെതിരായ യൂത്ത് കോൺഗ്രസ് ഹരജി വെള്ളിയാഴ്ച പരിഗണിക്കും
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നൽകിയ അടിയന്തര ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുൻപാകെയാണ് അഭിഭാഷകർ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെൻഷൻ ചെയ്തത്. കേസ് നാളെ ലിസ്റ്റ് ചെയ്യുമെന്നും അഥവാ ലിസ്റ്റ് ചെയ്തില്ലെങ്കിൽ വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ബെഞ്ച് അറിയിച്ചു.
സമരാവകാശം നിഷേധിച്ചെന്ന് യൂത്ത് കോൺഗ്രസ്; ആരോപണങ്ങൾ തള്ളി കമീഷൻ
ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാൻ നൽകിയ അപേക്ഷ ഡൽഹി പൊലീസ് ഏകപക്ഷീയമായി നിരസിച്ചതിനെയാണ് യൂത്ത് കോൺഗ്രസ് കോടതിയിൽ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന 'ഇൻഡ്യ' മുന്നണി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് യൂത്ത് കോൺഗ്രസും ഡൽഹിയിൽ സമരത്തിന് അനുമതി തേടിയത്.
യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പ്രതിപക്ഷ വോട്ടുകൾ വെട്ടിനിരത്താനുമാണ് എസ്.ഐ.ആർ പ്രക്രിയയിലൂടെ കമീഷൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ 'വോട്ട് ചോരി' ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായി തള്ളി. വോട്ടർപട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് എസ്.ഐ.ആർ നടത്തുന്നതെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നടപടികളെന്നും കമീഷൻ വിശദീകരിച്ചു. തലസ്ഥാനത്ത് പ്രതിപക്ഷ എം.പിമാരുടെ തെരുവ് പോരാട്ടങ്ങൾക്ക് പിന്നാലെയാണ് വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലേക്കും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.