മുരളി മനോഹർ ജോഷി


'വിദ്യാർഥികൾ നമ്മുടെ മക്കളാണ്, ലാത്തിച്ചാർജ് പരിഹാരമല്ല'; വിദ്യാർഥി സമരത്തെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും മറ്റ് വിഷയങ്ങളിലും വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭങ്ങളെ ലാത്തിച്ചാർജ്ജിലൂടെയും ബലപ്രയോഗത്തിലൂടെയും അടിച്ചമർത്തുന്നതിനെതിരെ കടുത്ത വിമർശനവുമായി മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മുരളി മനോഹർ ജോഷി. വിദ്യാർഥികൾ നമ്മുടെ സ്വന്തം മക്കളാണെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവവും ക്ഷമയോടെയും കേൾക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന 21-ാമത് 'ഫിക്കി' ഉന്നത വിദ്യാഭ്യാസ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മവിഭൂഷൺ ജേതാവ് കൂടിയായ ജോഷി.

വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമർത്താൻ ബലപ്രയോഗം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി:

"വിദ്യാർഥികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും വളരെ അനുഭാവപൂർവം കേൾക്കാൻ സർക്കാർ തയ്യാറാകണം. ലാത്തിയും ബലപ്രയോഗവും ഒന്നിനും ശാശ്വതമായ പരിഹാരമല്ല. പ്രശ്നങ്ങളുണ്ടെങ്കിൽ അവരെ വിളിച്ച് കേൾക്കൂ, അവർ നമ്മുടെ സ്വന്തം മക്കളല്ലേ? ഒരു കുട്ടി അച്ഛനോട് പരാതിപ്പെടുമ്പോൾ, എന്തുകൊണ്ടാണ് ആ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തതെന്ന് സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കുകയല്ലേ വേണ്ടത്? അതോ കുട്ടിയെ ആട്ടിയോടിക്കുകയാണോ ചെയ്യുക? വിദ്യാർഥികളെയും നമ്മൾ അതേ വാത്സല്യത്തോടെയും കരുതലോടെയുമാണ് സമീപിക്കേണ്ടത്."

— മുരളി മനോഹർ ജോഷി ഓർമിപ്പിച്ചു.

എൻ.ഇ.പിയെ വിലയിരുത്താൻ സമയമായിട്ടില്ല; നീറ്റ് വിവാദത്തിലും വിമർശിച്ചിരുന്നു

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഇപ്പോൾ കൃത്യമായ ഒരു വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നയം നടപ്പിലാക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ഇതൊരു തുടക്കം മാത്രമാണ്, അതിന്റെ യഥാർത്ഥ ഫലങ്ങൾ എന്താണെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും സമാനമായ ആശങ്കകളുമായി മുരളി മനോഹർ ജോഷി പരസ്യമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ന്യൂഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകമാണെന്നും, പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ആത്മാർത്ഥമായി പരിഹരിക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി സമരങ്ങളെ ക്രമസമാധാന പ്രശ്നമായി മാത്രം കണ്ട് അടിച്ചമർത്തുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ 'വികസിത് ഭാരതം' എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് അകറ്റുമെന്നും പെൺകുട്ടികൾക്ക് നേരെ പോലും പൊലീസ് ബലപ്രയോഗം നടത്തിയത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

Tags:    
News Summary - Students Are Our Children, Batons No Solution: Murli Manohar Joshi Slams Force on Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.