രാജ്യസുരക്ഷയെയും സായുധ സേനകളുടെ രഹസ്യ സ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള സ്പൈ കഥകളും മിലിട്ടറി ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്ന സിനിമകൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്ന കാര്യം ആലോചിക്കാൻ കേന്ദ്ര സർക്കാരിനോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ "ധുരന്ധർ: ദി റിവഞ്ച്" എന്ന സിനിമയിലെ ചില രംഗങ്ങൾ സൈന്യത്തിന്റെ സുരക്ഷാ തന്ത്രങ്ങൾ ചോർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.
സിനിമകൾ വിനോദത്തിന് വേണ്ടിയുള്ള ഭാവന സൃഷ്ടികളാണെങ്കിൽ പോലും, അവ സമൂഹത്തിലും രാജ്യസുരക്ഷയിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാൾ അതിനുള്ള വഴികൾ തിരയുന്ന ദൃശ്യങ്ങൾ സിനിമയിലുണ്ടെങ്കിൽ, അത് ഭാവനയാണെന്ന് പറഞ്ഞ് അനുമതി നൽകാനാകില്ലെന്ന ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. സിനിമകളിലൂടെ സൈന്യത്തിന്റെ തന്ത്രങ്ങളും രഹസ്യങ്ങളും പരസ്യമാക്കപ്പെടുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും സെൻസർ ബോർഡിന് ഇതിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
സശസ്ത്ര സീമ ബൽ (SSB) ഉദ്യോഗസ്ഥനായ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഈ നിർദ്ദേശം നൽകിയത്. സിനിമയിൽ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെയും വീരമൃത്യു വരിച്ച സൈനികരെയും മാതൃകയാക്കിയുള്ള കഥാപാത്രങ്ങളെയും അവരുടെ ഓപ്പറേഷനുകളെയും വളരെ വിശദമായി കാണിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നും 'ബെൽ ബോട്ടം', 'മിഷൻ മജ്നു', 'രാസി', 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' തുടങ്ങിയ മുൻകാല ചിത്രങ്ങളിലും ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ പൊതുമധ്യത്തിൽ എത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ ഹർജി ഒരു ഔദ്യോഗിക നിവേദനമായി പരിഗണിക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ആവശ്യമായ തീരുമാനങ്ങളും തിരുത്തൽ നടപടികളും കൈക്കൊണ്ട് അത് ഹർജിക്കാരനെ അറിയിക്കാനും ഉത്തരവിട്ടുകൊണ്ട് കോടതി കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.