മംഗളൂരു: ഹാസൻ ലോക്സഭ മണ്ഡലത്തിലെ ബെലൂർ നിയമസഭ മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വിളിച്ചു ചേർത്ത കൺവെൻഷനിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ട ബി.ശിവറാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗമാണ് അലങ്കോലമായത്.
പ്രവർത്തകർക്കിടയിലെ അനൈക്യമാണ് തന്റെ പരാജയത്തിന് കാരണം എന്ന് ശിവറാം പ്രസംഗിച്ചുനിൽക്കെ വേദിയിലേക്ക് കസേരകൾ വലിച്ചെറിയുകയായിരുന്നു. മറ്റൊരു നേതാവ് രാജശേഖറിന്റെ അനുയായികളാണ് കസേര എറിഞ്ഞതെന്ന് അറിഞ്ഞതോടെ ശിവറാമിന്റെ സംഘവും തിരിച്ചെറിഞ്ഞു.
പരസ്പരം കസേരയേറും കൈയാങ്കളിയും നീണ്ടുപോവുന്നതിനിടെ പ്രവർത്തകർ ഇരുനേതാക്കൾക്കും മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മോഹി ജട്ടനഹള്ളി രാമചന്ദ്ര ഉൾപ്പെടെ നേതാക്കൾ വേദിയിലും സദസിൽ മുൻനിരയിലും ഇരിക്കെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ പ്രതിനിധാനം ചെയ്യുന്ന ലോക്സഭ മണ്ഡലമാണ് ഹാസൻ. ഈ മണ്ഡലത്തിലെ ബെലുർ നിയമസഭ മണ്ഡലത്തിൽ 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശിവറാമിനെ ബി.ജെ.പിയുടെ എച്ച്.കെ. സുരേഷ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.