ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടുചെയ്തതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എം.എൽ.എമാരെ പിന്തുണക്കുന്ന മുതിർന്ന നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിങ് ഹൈകമാൻഡിനെ കാണാൻ ഡൽഹിയിൽ. അയോഗ്യരാക്കിയ നിയമസഭ സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിമതർ.
ഷിംലയിലെത്തിയ പാർട്ടി കേന്ദ്ര നിരീക്ഷകർ നടത്തിയ ചർച്ചയിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും ഹിമാചൽ കോൺഗ്രസിൽ പ്രശ്നങ്ങൾ പുകഞ്ഞുതന്നെ. വിക്രമാദിത്യ സിങ് കഴിഞ്ഞ രാത്രി ആറ് എം.എൽ.എമാരുമായി ചർച്ച നടത്തിയ ശേഷമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളെ കാണാൻ ഡൽഹിയിൽ എത്തിയത്. ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഹോട്ടലിൽ കഴിയുകയാണ് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ. ഹോട്ടലിൽ വെച്ചായിരുന്നു വിക്രമാദിത്യയുടെ ചർച്ച.
അദ്ദേഹത്തിന്റെ മാതാവും പി.സി.സി അധ്യക്ഷയുമായ പ്രതിഭസിങ് എം.പി സംസ്ഥാന ഭരണത്തെ വിമർശിച്ചത് ഇതിനിടെ, പുതിയ ചർച്ചയായി. ലോക്സഭ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് സംഘടന ശക്തിപ്പെടുത്താൻ തക്ക നടപടികൾക്ക് മുന്നിട്ടിറങ്ങണമെന്ന നിരന്തര ആവശ്യം മുഖ്യമന്ത്രി സുഖ്വീന്ദർസിങ് സുഖു അവഗണിച്ചുവെന്നും ബി.ജെ.പിക്കാർ മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തുന്നതെന്നും പ്രതിഭസിങ് കുറ്റപ്പെടുത്തി.
അയോഗ്യരാക്കിയ എം.എൽ.എമാർ കോൺഗ്രസിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്ന് മുഖ്യമന്ത്രി സുഖു വിശദീകരിച്ചു. ഷിംലയിൽ അവർ തിരിച്ചെത്തിയശേഷം എന്തു വേണമെന്ന് തീരുമാനിക്കും.
മടങ്ങിവരാൻ താൽപര്യമുണ്ടെങ്കിൽ വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന നിലപാട് നേരത്തെ സുഖു പ്രകടിപ്പിച്ചിരുന്നു. അതേസമയം, കൂടുതൽ എം.എൽ.എമാർ കോൺഗ്രസിൽനിന്ന് ഒപ്പം ചേരുമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.