ഷി ജിൻപിങ്, നരേന്ദ്ര മോദി

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിങ് ഡൽഹിയിൽ; ഇന്ത്യ, ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവോ?

ന്യൂഡൽഹി: 2019-ലെ മാമല്ലപുരം ഉച്ചകോടിക്ക് ശേഷം നീണ്ട ഏഴ് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീണ്ടും ഇന്ത്യയിലെത്തി. 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലെത്തിയ ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 45 മിനിറ്റോളം നീണ്ട ഉഭയകക്ഷി ചർച്ച അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടി. കിഴക്കൻ ലഡാക്ക് സംഘർഷങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള നിർണായക വഴിത്തിരിവായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ ഒരിക്കലും തർക്കങ്ങളായി മാറാൻ അനുവദിക്കരുതെന്ന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അടിവരയിട്ടു. 'പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപ്പര്യം' എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നിയായിരിക്കണം ഇന്ത്യ-ചൈന ബന്ധങ്ങൾ മുന്നോട്ട് പോകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്തുന്നത് ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും, നിലവിലുള്ള എല്ലാ കരാറുകളും ധാരണകളും പൂർണമായി പാലിക്കപ്പെടണമെന്നും മോദി ചൈനീസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതിർത്തി തർക്കത്തിൽ ഇരുരാജ്യങ്ങൾക്കും ന്യായവും സ്വീകാര്യവുമായ ശാശ്വത പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇരുപക്ഷവും അറിയിച്ചു.

ഇന്ത്യയും ചൈനയും പരസ്പരം ഭീഷണികളല്ലെന്നും മറിച്ച് വികസന അവസരങ്ങളൊരുക്കുന്ന പങ്കാളികളാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. തന്ത്രപ്രധാനവും ദീർഘവീക്ഷണത്തോടുകൂടിയതുമായ സമീപനമാണ് ബന്ധങ്ങളിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി സമാധാനത്തിനൊപ്പം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ, സാംസ്കാരിക വിനിമയം, വിസ നടപടികൾ ലഘൂകരിക്കൽ എന്നിവ ചർച്ചയായി. ഇന്ത്യ നേരിടുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനും സപ്ലൈ ചെയിൻ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷതയെ ഷി ജിൻപിങ് അഭിനന്ദിക്കുകയും അടുത്ത വർഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ തേടുകയും ചെയ്തു.

ഇടയ്ക്കിടെയുള്ള സംഘര്ഷങ്ങള്ക്ക് ശേഷം ഏറ്റവും ഒടുവിൽ 2020-ന് ശേഷമാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും പുതിയ സന്തുലിതാവസ്ഥയിലേക്ക് നീങ്ങുന്നത്. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ തുടർന്നു. 2023-ലെ 'ബ്രിക്സ്' ഉച്ചകോടിയിലും ജി20 മീറ്റിംഗിലും ഇന്ത്യയും ചൈനയും സഹകരണ മനോഭാവം പ്രകടിപ്പിച്ചു. വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ചൈന സഹകരണം ശകമാവുന്നുണ്ട്. എന്നാൽ, ചൈന-പാകിസ്താൻ ബന്ധവും, ഇന്തോ-പസഫിക്’ മേഖലയിലെ ചൈനയുടെ വർധിക്കുന്ന സ്വാധീനവും ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്.

Tags:    
News Summary - PM Modi & Xi Jinping Hold Key Bilateral Talks in Delhi: Crucial Decisions on Border Peace & Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.