ഹരിദ്വാർ വിദ്വേഷ പ്രസംഗം: സായുധ സേന മുൻ മേധാവികളടക്കം 100 പേർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളാൻ അഭ്യർത്ഥിച്ച്​ അഞ്ച് മുൻ സായുധ സേനാ മേധാവികളും ബ്യൂറോക്രാറ്റുകളും ഉൾപ്പെടെ 100 പ്രമുഖർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. അടുത്തിടെ ഹരിദ്വാറിൽ നടന്ന പരിപാടിയിലുണ്ടായ കൊലവിളി പ്രസംഗവും കത്തിൽ വിഷയമായി.

അക്രമത്തിലേക്കുള്ള പ്രേരണകളെ കത്തിൽ അപലപിച്ചു. 'വിദ്വേഷത്തിന്‍റെ പരസ്യമായ പ്രകടനങ്ങൾക്കൊപ്പം അക്രമത്തിനുള്ള ഇത്തരം പ്രേരണകൾ അനുവദിക്കാനാവില്ല. ഇത് ആഭ്യന്തര സുരക്ഷയുടെ ഗുരുതരമായ ലംഘനങ്ങൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ കീറിമുറിക്കുകയും ചെയ്യും' -കത്തിൽ സൂചിപ്പിച്ചു.

'നമ്മുടെ അതിർത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, രാഷ്ട്രത്തിനുള്ളിലെ ഏത് സമാധാനവും ഐക്യവും ലംഘിക്കുന്നത് ശത്രുതാപരമായ ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും. നമ്മുടെ വൈവിധ്യവും ബഹുസ്വരവുമായ സമൂഹത്തിലെ ഒന്നോ അല്ലെങ്കിൽ മറ്റൊരു സമൂഹത്തിനെതിരായി ഇത്തരം നഗ്നമായ ആഹ്വാനങ്ങൾ അനുവദിക്കുന്നത് വിവിധ സേനകളുടെ ഐക്യത്തെയും കെട്ടുറപ്പിനെയും സാരമായി ബാധിക്കും' -കത്തിൽ പറയുന്നു. മുസ്​ലിംകൾക്ക്​ പുറമെ ക്രിസ്ത്യാനികൾ, ദലിതുകൾ, സിഖുകാർ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ഹിന്ദുത്വ തീവ്രവാദികൾ ലക്ഷ്യമിടുന്നതായും കത്തിൽ പരാമർശിക്കുന്നു.

മുൻ നാവികസേനാ മേധാവിമാരായ അഡ്മിറൽ എൽ. രാംദാസ്, അഡ്മിറൽ വിഷ്ണു ഭഗവത്, അഡ്മിറൽ അരുൺ പ്രകാശ്, അഡ്മിറൽ ആർ.കെ ധോവൻ എന്നിവർ കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ആക്രമത്തിലേക്കുള്ള ആഹ്വാനങ്ങൾക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ 76 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് നേരത്തേ കത്തെഴുതിയിരുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് സമ്മേളനത്തിലാണ്​ ഹിന്ദുത്വ നേതാക്കൾ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തി രംഗത്തെത്തിയത്​. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങൾ ആക്രമിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണയാണ്​ മുസ്​ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന്​ ആഹ്വാനം ചെയ്തത്.

അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണെന്നും അന്നപൂർണ പറഞ്ഞു. മ്യാൻമറിലെ പോലെ പൊലീസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്​ലിംകളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്‍റ്​ സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. 

Tags:    
News Summary - Haridwar hate speech: 100 people, including former army chiefs, write letter to PM, President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.