‘ആപിൽ’ സീറ്റ് കച്ചവടം നടന്നു; വിവരങ്ങൾ പുറത്തുവിടുമെന്ന് ബി.ജെ.പി എം.പി ഹർഭജൻ സിങ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേർന്നതിന് പിന്നാലെ നേരിട്ട രൂക്ഷവിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ബി.ജെ.പി രാജ്യസഭ എം.പി ഹർഭജൻ സിങ്. പഞ്ചാബിലെ രാജ്യസഭാ സീറ്റുകളും മന്ത്രിസ്ഥാനങ്ങളും വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

സീറ്റുകൾ ‘വിൽപന’ നടത്തുകയായിരുന്നുവെന്നും പഞ്ചാബിനെ കൊള്ളയടിക്കാൻ വേണ്ടി നടത്തിയ പണമിടപാടുകളുടെയും രാഷ്ട്രീയ നിയമനങ്ങളുടെയും വിവരങ്ങൾ താൻ പുറത്തുവിടുമെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.

എ.എ.പിയിൽനിന്ന് അടുത്തിടെ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന ഏഴ് രാജ്യസഭാ എം.പിമാരിൽ ഒരാളാണ് ഹർഭജൻ സിങ്. ഇതിന് പിന്നാലെ എ.എ.പി അനുകൂലികളിൽനിന്ന് ഇവർക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

എക്സ് പ്ലാറ്റ്‌ഫോമിൽ ദേവേന്ദർ യാദവ് എന്ന ഉപയോക്താവ് ഉന്നയിച്ച വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നൽകവേയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഹർഭജൻ സിങ് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. ഹർഭജൻ സിങിനെ ‘ദ്രോഹി’ എന്ന് വിശേഷിപ്പിച്ച ദേവേന്ദർ യാദവ്, പാർട്ടി മാറുന്നതിന് മുമ്പ് എ.എ.പി നൽകിയ രാജ്യസഭാ സീറ്റ് എന്തുകൊണ്ട് രാജി വെച്ചില്ല എന്ന് ചോദിച്ചിരുന്നു. കൂടാതെ, കൂറുമാറിയ എം.പിമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായും ഇയാൾ ആരോപിച്ചു.

ഈ ആരോപണങ്ങൾക്ക് മറുപടിയായാണ് പഞ്ചാബിലെ രാജ്യസഭാ സീറ്റുകളുമായും മന്ത്രിസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങൾ ‘കൃത്യമായ സമയത്ത്’ താൻ വെളിപ്പെടുത്തുമെന്ന് ഹർഭജൻ സിങ് വ്യക്തമാക്കിയത്.

സീറ്റുകൾ വിറ്റതായും ആർക്കൊക്കെയാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നും ആർക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും വെളിപ്പെടുത്താൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ചില നേതാക്കൾ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മന്ത്രിസ്ഥാനങ്ങൾ നൽകി പഞ്ചാബിനെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഓൺലൈനിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും താൻ ഒരു നേതാവിനെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Harbhajan Alleges Punjab RS Seat ‘Sale’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.