ശ്രീനഗര്‍: ‘അവനെ ഓര്‍ത്ത് ഞാന്‍ കരയില്ല. അത് അവനിഷ്ടമല്ല. ജീവിച്ചിരുന്നപ്പോള്‍ അവന്‍ ആവശ്യപ്പെട്ടതും അതായിരുന്നു. രാജ്യത്തിനുവേണ്ടി താന്‍ മരിച്ചുവീണാല്‍ തന്നെയോര്‍ത്ത് ആരും കരയരുത്...’ ത്രിവര്‍ണ പതാക പുതച്ച മകന്‍െറ ജീവനറ്റ ശരീരം കണ്ടപ്പോഴും കണ്ണീര്‍ പൊടിയാതെ ജസ്വന്ത് കൗര്‍ തന്നെ കാണാനത്തെിയവരോട് പറഞ്ഞുകൊണ്ടിരുന്നു.

കശ്മീരില്‍ ഖതുവ മേഖലയില്‍ അതിര്‍ത്തിയില്‍ നടന്ന പാക് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായിരിക്കെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ജസ്വന്ത് കൗറിന്‍െറ മകന്‍ ബി.എസ്.എഫ് ജവാന്‍ ഗുര്‍നാം സിങ് (26) മരിച്ചത്.
മകന്‍െറ മരണത്തിലെ വേദനയില്‍ മുങ്ങുമ്പോഴും ഗുര്‍നാമിന്‍െറ കുടുംബം ആവശ്യപ്പെടുന്നത് ഒന്നുമാത്രം. ബി.എസ്.എഫിനായി എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി പണിയണം. അതിന് ഗുര്‍നാം സിങ്ങിന്‍െറ പേരിടണം.

ഇന്ത്യ-പാക് അതിര്‍ത്തിയിലെ ആര്‍.എസ് പുര താലൂക്കില്‍പെട്ട ഭലേസാര്‍ മഗേവാലി ഗ്രാമമാണ് ഗുര്‍നാമിന്‍െറ നാട്. മരണവാര്‍ത്തയറിഞ്ഞ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നൂറുകണക്കിന് ആളുകളാണ് ഗുര്‍നാമിന്‍െറ വീട്ടിലേക്ക് ഒഴുകിയത്. മകനെയോര്‍ത്ത് അഭിമാനിക്കുന്നതായി മുന്‍ സൈനികന്‍ കൂടിയായ ഗുര്‍നാമിന്‍െറ പിതാവ് കുല്‍ബീര്‍ സിങ് പറഞ്ഞു. ഇതിന് തക്ക മറുപടി പാക് സൈന്യത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍െറ സഹോദരന്‍െറ പേരില്‍ ബി.എസ്.എഫിനായി പ്രത്യേക ആശുപത്രി പണിയണമെന്ന ആവശ്യം ഗുര്‍നാമിന്‍െറ സഹോദരി ഗുര്‍ജീത് കൗര്‍ ആണ് ഉന്നയിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഗുര്‍നാമിന്‍െറ തലയില്‍ വെടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗുര്‍നാം ശനിയാഴ്ച അര്‍ധരാത്രിയാണ് മരണപ്പെട്ടത്. ഗുര്‍നാമിന്‍െറ പേരില്‍ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ബി.എസ്.എഫ് അറിയിച്ചു.

 

Tags:    
News Summary - Gurnam Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.