യു.പിയിൽ മുസ്ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി; ഒപ്പമുണ്ടായിരുന്ന യുവാവിനും മർദനം; ആറുപേർ അറസ്റ്റിൽ -വിഡിയോ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി യുവാക്കൾ. ഒപ്പമുണ്ടായിരുന്ന ഹിന്ദു യുവാവിനെയും സംഘം മർദിച്ചു. അതിക്രമത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതികളിൽ ഒരാൾ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരുന്നതും ബാക്കിയുള്ളവർ ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു. മുസഫർനഗറിലെ ഖലാപറിൽ വെച്ചാണ് ഫർഹീൻ എന്ന 20കാരിയും സചിൻ എന്ന യുവാവും അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവർക്കും മർദനമേറ്റത്.

ഉത്കർഷ് സ്മാൾ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപർ നിവാസിയായ ഫർഹീൻ. മാതാവിന്‍റെ അറിവോടെയാണ് ഫർഹീൻ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാൻ പോയത്. ഏപ്രിൽ 12ന് വൈകീട്ടാണ് സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഫർഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫർഹീന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 115(2), 352, 191(2), 74 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഡിയോയിൽനിന്ന് കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മുസഫർനഗർ സിറ്റി സർക്കിൾ ഓഫിസർ രാജു കുമാർ പറഞ്ഞു.

‘ഒരു കാരണവും ഇല്ലാതെ ഒരു സംഘം എന്നെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ചു. പ്രതികളിലൊരാൾ എന്റെ ബുർഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വിഡിയോ പകർത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ -ഫർഹീൻ പറഞ്ഞു. ഈസമയം ഇതുവഴി കടന്നുപോയ ഒരാൾ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപെടുന്നത്.

Tags:    
News Summary - Group Of Men Strip Off Muslim Girl's Hijab In Muzaffarnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.