ഛണ്ഡിഗഢ്: അമൃത്‌സറിൽ ഖാണ്ഡാവാലയിൽ ക്ഷേത്രത്തിന് നേരെ ഗ്രനേഡാക്രമണം. മോട്ടോർസൈക്കിളിലെത്തിയ രണ്ടംഗ സംഘമാണ് ക്ഷേത്രത്തിന് നേരെ ഗ്രനേഡ് വലിച്ചെറിഞ്ഞത്. താകുർദ്വാര ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 12.35ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രണ്ട് യുവാക്കൾ ക്ഷേത്രത്തിനടുത്തേക്ക് ബൈക്കിൽ എത്തുന്നതും പിന്നീട് ഗ്രനേഡ് എറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവർ ഗ്രനേഡ് എറിഞ്ഞതിന് പിന്നാലെ വലിയ സ്ഫോടനവുമുണ്ടായി. ഇതിന് പിന്നാലെ അക്രമികൾ ക്ഷേത്രപരിസരത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ക്ഷേത്രത്തിലെ പൂജാരി അപകടസമയത്ത് പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അക്രമത്തിൽ പാകിസ്താൻ ബന്ധം സംശയിക്കുന്നതായി അമൃത്സർ പൊലീസ് കമീഷണർ ഗുർപീത് ബുല്ലാർ പറഞ്ഞു. പാകിസ്താൻ ഇത്തരം ആക്രമണങ്ങൾ കാലങ്ങളായി നടത്താറുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടനത്തിന്റെ സ്വഭാവം ഇനിയും കണ്ടെത്താനായിട്ടില്ല. ഗൗരവകരമായി തന്നെയാണ് കേസിനെ സമീപിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ സംയമനം പാലിക്കണമെന്ന അഭ്യർഥനയും പൊലീസ് നടത്തി. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും പൊലീസ് പ്രദേശവാസികളെ അറിയിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.