വളർത്തുമൃഗങ്ങൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ

ചെന്നൈ: അടുത്തിടെ ചെന്നൈ നഗരത്തിലെ പാർക്കിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ രണ്ട് റോട്ട്‌വീലർ നായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ വളർത്തുമൃഗങ്ങളെ, പ്രത്യേകിച്ച് പൊതു പാർക്കുകളിൽ നായകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി. പുതുക്കിയ നിയമ പ്രകാരം പാർക്കിനുള്ളിൽ വളർത്തുമൃഗങ്ങളെ കെട്ടഴിച്ച് വിടാൻ അനുമതിയില്ല.

ഇതുകൂടാതെ ഒരു ഉടമക്ക് ഒരേ സമയം ഒരു വളർത്തുമൃഗത്തെ മാത്രമേ പാർക്കിലേക്ക് കൊണ്ടുപോകാൻ കഴിയൂ. പാർക്കിന്‍റെ സെക്യൂരിറ്റികൾ കർശനമാക്കും. പാർക്കിലെ കളിസ്ഥലത്തേക്ക് തെരുവുനായയുടെയും വളർത്തുനായയുടെയും പ്രവേശനം നിഷേധിക്കും. പെറ്റ് ലൈസൻസും നിർബന്ധമാക്കിയതായി ചെന്നൈ കോർപറേഷന്‍റെ അറിയിപ്പിൽ പറയുന്നു.

ഞായറാഴ്ചയാണ് ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് ഏരിയയിലെ പൊതു പാർക്കിൽ അഞ്ചു വയസ്സുകാരിയെ രണ്ട് റോട്ട്‌വീലർ നായകൾ ആക്രമിച്ചത്. കുട്ടിയുടെ പിതാവ് പാർക്കിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ നായകൾ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നായകൾ കുട്ടിയുടെ അമ്മയെയും കടിച്ചാക്രമിച്ചു.

എന്നാൽ ഉടമ ഇടപെട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ആക്രമണത്തിൽ കുട്ടിയുടെ തലയോട്ടി 11 ഇഞ്ച് നീളത്തിൽ കീറിയതായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണർ ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവുകളും കോർപറേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ടിയുടെ ഉടമയും അവയെ കൈകാര്യം ചെയ്ത മറ്റ് രണ്ടുപേരേയും ഉൾപ്പെടെ മൂന്ന് പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിറ്റ്‌ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്‌സ് എന്നിവയുൾപ്പെടെ 23ഇനം നായകളുടെ വിൽപനയും പ്രജനനവും നിരോധിക്കാൻ മാർച്ചിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളിൽപ്പെട്ട വളർത്തുമൃഗങ്ങളെ വീടുകളിൽ വളർത്തരുതെന്നും കർശന നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Greater Chennai Corporation, tightens Pet rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.