representational image

വാക്സിന്‍റെ പാർശ്വഫലമായി രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിന്‍റെ പാർശ്വഫലത്തെ തുടർന്ന് രാജ്യത്ത്് ഒരാൾ മരിച്ചതായി സ്ഥിരീകരണം. കടുത്ത അലർജി പ്രശ്നങ്ങളുണ്ടായ 68കാരനാണ് വാക്സിനെടുത്തതിനെ തുടർന്ന് മരിച്ചത്. വാക്സിന്‍റെ പ്രതികൂല ഫലങ്ങളെ കുറിച്ച് പഠിക്കുന്ന സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിദഗ്ധ സമിതി (അഡ്വേഴ്സ് ഇവന്‍റ്സ് ഫോളോവിങ് ഇമ്യൂണൈസേഷൻ -എ.ഇ.എഫ്.ഐ) അധ്യക്ഷൻ ഡോ. എൻ.കെ. അറോറയും ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല.


മാർച്ച് എട്ടിനാണ് 68കാരൻ വാക്സിൻ സ്വീകരിച്ചത്. പിന്നാലെ, അനാഫൈലാക്സിസ് എന്ന അലർജി സാഹചര്യമുണ്ടാവുകയും മരിക്കുകയുമായിരുന്നു. വാക്സിന് ശേഷമുണ്ടാകുന്ന അലർജിയെ തുടർന്നുള്ള ആദ്യ മരണമാണിതെന്ന് ഡോ. എൻ.കെ. അറോറ പറഞ്ഞു. വാക്സിനെടുത്തതിന് പിന്നാലെ മൂന്ന് പേർ മരിച്ചതായി ആരോപണമുണ്ടെങ്കിലും ഒരാളുടെ കാര്യത്തിൽ മാത്രമാണ് മരണകാരണമാ‍യി വാക്സിൻ പാർശ്വഫലം വിദഗ്ധ സമിതി കണ്ടെത്തിയത്.

വാക്സിനെടുത്തതിന് പിന്നാലെ മറ്റ് രണ്ട് പേരിൽ കൂടി അനാഫൈലാക്സിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ചികിത്സ തേടിയതിന് പിന്നാലെ ഇവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി.

31 മരണങ്ങളാണ് സമിതി പഠിച്ചത്. ഇതിൽ 18 എണ്ണം വാക്സിനെടുത്തതിന് പിന്നാലെ സംഭവിച്ച സ്വാഭാവിക മരണങ്ങളാണ്. വാക്സിനുമായി ഇവയ്ക്ക് ബന്ധമില്ല. ഏഴ് മരണങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് മരണത്തിന്‍റെ കാര്യത്തിൽ നിഗമനത്തിലെത്താൻ ആവശ്യമായ വിവരം ലഭിച്ചിട്ടില്ലെന്നും സമിതി പറയുന്നു.

അതേസമയം, വാക്സിന്‍റെ ഗുണഫലങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ പ്രതികൂല ഫലങ്ങൾ തള്ളിക്കളയാൻ മാത്രം ചെറുതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 

Tags:    
News Summary - Govt confirms first death after Covid vaccination in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.