ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച തൊഴിലാളിയുടെ ആശ്രിതർക്ക് പെൻഷൻ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അവസാന കാലത്തെ ശരാശരി പ്രതിദിന വേതനത്തിെൻറ 90 ശതമാനത്തിന് തുല്യമായ തുകയാണ് പെൻഷൻ.
തൊഴിലിനിടയിൽ മരിക്കുന്നവർക്ക് ഇ.എസ്.ഐ കോർപറേഷൻ ഏർപ്പെടുത്തിയ പെൻഷൻ ആനുകൂല്യം, കോവിഡ് ബാധിച്ചു മരിച്ച തൊഴിലാളിയുടെ ആശ്രിതർക്കുകൂടി ലഭ്യമാക്കുകയാണ് ചെയ്യുക. 2020 മാർച്ച് 24 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി. 2022 മാർച്ച് 24 വരെ പ്രാബല്യം.
കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ഉദാരമാക്കും. തൊഴിലാളിയുടെ നിക്ഷേപവുമായി ബന്ധപ്പെടുത്തി ഇ.പി.എഫ് ഓർഗനൈസേഷൻ നടപ്പാക്കി വരുന്ന ഇ.ഡി.എൽ.ഐ പദ്ധതിയാണ് കോവിഡ് സാഹചര്യത്തിൽ ഉദാരമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് പരമാവധി ഇൻഷുറൻസ് സഹായം ആറു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷം രൂപയാക്കി.
രണ്ടര ലക്ഷം രൂപയെന്ന മിനിമം ഇൻഷുറൻസ് ആനുകൂല്യം പുനഃസ്ഥാപിച്ചു. 2020 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ മൂന്നു വർഷത്തേക്കാണിത്. ഒരു സ്ഥാപനത്തിൽതന്നെ തുടർച്ചയായി ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ കരാർ, കാഷ്വൽ തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന വിധം ഉദാരമാക്കി. മരണത്തിന് ഒരുവർഷം മുമ്പുവരെ ജോലി മാറിയവരുടെ ആശ്രിതർക്കും ഈ ആനുകൂല്യം ലഭിക്കും. വിശദാംശങ്ങളും മാർഗനിർദേശങ്ങളും തൊഴിൽ മന്ത്രാലയം പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.