സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ; കാവൽ മുഖ്യമന്ത്രിയായി തുടരാൻ നിർദേശം

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ. കർണാടക ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് സിദ്ധരാമയ്യയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ഉടൻ പ്രാബല്യത്തിൽ പിരിച്ചുവിടുകയും ചെയ്തു. അതേസമയം, പുതിയ നേതൃത്വം ചുമതലയേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ചതോടെ സംസ്ഥാനത്ത് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ രാജി സമർപ്പിച്ചത്. ഗവർണറുടെ അഭാവത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കജ് കുമാർ മേത്തക്കാണ് സിദ്ധരാമയ്യ രാജിക്കത്ത് സമർപ്പിച്ചത്.

അതേസമയം, നേതൃമാറ്റ ചർച്ചകൾക്കിടയിൽ വ്യാഴാഴ്ച രാത്രി ഡി.കെ. ശിവകുമാർ ഡൽഹിയിൽ എത്തിയിരുന്നു. കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

വെള്ളിയാഴ്ച സിദ്ധരാമയ്യയും ഡൽഹിയിലെത്തി. മുഖ്യമന്ത്രിയെ നിയമിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയും ഹൈക്കമാൻഡും തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. എന്നാൽ, രാജ്യസഭാ സീറ്റ് നിരസിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ സിദ്ധരാമയ്യ തയാറായില്ല. 

Tags:    
News Summary - Governor accepts Siddaramaiahs resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.