വിമാനയാത്രക്കാർക്ക് ആശ്വസിക്കാൻ വകയില്ല; 60% സീറ്റുകൾ സൗജന്യമായി നൽകണമെന്ന നിർദേശം കേ​ന്ദ്ര സർക്കാർ മരവിപ്പിച്ചു

ന്യൂഡൽഹി: വിമാനങ്ങളിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷൻ ചാർജ് ഇല്ലാതെ നൽകണമെന്ന ഉത്തരവ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം മരവിപ്പിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിൽ അധിക വരുമാനം തടയുന്ന ഇത്തരം നീക്കങ്ങൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂടാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രാലയത്തിന്റെ പിന്മാറ്റം.

മാർച്ച് 17-നായിരുന്നു വിമാനങ്ങളിൽ 60 ശതമാനം സീറ്റുകൾ സൗജന്യമായി നൽകണമെന്ന് ഡി.ജി.സി.എയോട് (DGCA) മന്ത്രാലയം നിർദേശിച്ചത്. ഇതനുസരിച്ച് ഏപ്രിൽ 20 മുതൽ നിയമം നടപ്പിലാക്കാൻ ഡി.ജി.സി.എ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. എന്നാൽ വിമാനക്കമ്പനികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ ഉത്തരവ് താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രാലയം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസും ആകാശ എയറും നൽകിയ പരാതി പരിഗണിച്ചാണ് നടപടി. സൗജന്യ സീറ്റുകൾ നിർബന്ധമാക്കുന്നത് വിമാനക്കമ്പനികളുടെ വാണിജ്യപരമായ നിലനിൽപ്പിനെ ബാധിക്കുമെന്നും നിലവിലെ സ്വതന്ത്ര നിരക്ക് സംവിധാനത്തിന് വിരുദ്ധമാണെന്നും കമ്പനികൾ വാദിച്ചു.

‘വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ ആശങ്കകളും ടിക്കറ്റ് നിരക്കിലുണ്ടാകാൻ സാധ്യതയുള്ള വർധനവും കണക്കിലെടുത്ത്, അടുത്ത ഉത്തരവുണ്ടാകുന്നത് വരെ 60 ശതമാനം സീറ്റുകൾ സൗജന്യമായി നൽകണമെന്ന വ്യവസ്ഥ മരവിപ്പിക്കാൻ തീരുമാനിച്ചു’വെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗജന്യ സീറ്റുകളുടെ കാര്യത്തിൽ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ മറ്റ് അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സീറ്റ് അലോക്കേഷനിലെ സുതാര്യത, ഒരേ പി.എൻ.ആറിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഒരുമിച്ച് സീറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, സീറ്റുകൾക്കും മറ്റ് സേവനങ്ങൾക്കും ഈടാക്കുന്ന ചാർജുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

വിമാനയാത്രക്കാർ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാർക്ക് അധിക തുക ഈടാക്കാതെ (സൗജന്യമായി) ലഭ്യമാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നത്. കൂടാതെ ഒരേ പി.എൻ.ആറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിച്ച് ഇരിക്കാൻ കഴിയുന്ന തരത്തിൽ സീറ്റുകൾ അനുവദിക്കണമെന്നും നിർദേശിച്ചിരുന്നു. 

Tags:    
News Summary - Government puts on hold its order asking airlines to offer 60 per cent free seating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.