മെഹ്ബൂബ മുഫ്തിയുടെ പാസ്പോർട്ട് അപേക്ഷ തള്ളി; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് വിശദീകരണം

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്പോർട്ട് അപേക്ഷ തള്ളി. ട്വീറ്റിലൂടെ മുഫ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാട്ടിയാണ് തന്‍റെ അപേക്ഷ തള്ളിയതെന്ന് പാസ്പോർട്ട് ഓഫിസർ അയച്ച കത്തിൽ പറയുന്നതായി മുഫ്തി വ്യക്തമാക്കി.

രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന സി.ഐ.ഡി റിപ്പോർട്ട് മുൻനിർത്തിയാണ് പാസ്പോർട്ട് ഓഫിസ് തന്‍റെ അപേക്ഷ തള്ളിയത്. ഒരു മുൻ മുഖ്യമന്ത്രി പാസ്പോർട്ട് സ്വന്തമാക്കുന്നത് രാജ്യത്തിന് ഭീഷണിയാണത്രേ. ഇതാണ് ആഗസ്റ്റ് 2019 മുതൽ കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യമെന്നും മുഫ്തി ട്വീറ്റ് ചെയ്തു.

അപേക്ഷ തള്ളിയതായി കാണിച്ച് പാസ്പോർട്ട് ഓഫിസർ നൽകിയ മറുപടിയും മുഫ്തി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് മുഫ്തി പാസ്പോർട്ടിനായി അപേക്ഷിച്ചത്. ഇത് പൊലീസിന്‍റെ അനുമതി‍ക്കായി അയച്ചിരുന്നു. എന്നാൽ, മുഫ്തിക്ക് പാസ്പോർട്ട് അനുവദിക്കേണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്.

2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒരു വർഷത്തിലേറെ മുഫ്തി തടങ്കലിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെ മോചിപ്പിച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഫ്തിക്കെതിരെ കേസെടുത്തിരിക്കുകയാണ്. 

Tags:    
News Summary - Government Denied Passport Over "National Security": Mehbooba Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.