‘ആർ‌.എസ്‌.എസ് പ്രത്യയശാസ്ത്രം പേറുന്നവർ ഇരുന്ന​തു മുതൽ വിദ്യാഭ്യാസ നിലവാരം തകർന്നു’; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നിരോധിക്കണമെന്ന പ്രിയങ്കിന്റെ ആഹ്വാനത്തിന് പിന്തുണയുമായി രോഹിത് പവാർ

മുംബൈ: സർക്കാർ സ്കൂളുകളിലും കോളജുകളിലും ആർ‌.എസ്‌.എസ് പരിപാടികൾ നിരോധിക്കണമെന്ന കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിന് പിന്തുണയുമായി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) നേതാവ് രോഹിത് പവാർ. വിദ്യാഭ്യാസ ഇടങ്ങളിൽ ആർ‌.എസ്‌.എസിന്റെ സാന്നിധ്യം പുരോഗമന ചിന്തയെ ദുർബലപ്പെടുത്തുന്നുവെന്ന പ്രിയങ്കിന്റെ വീക്ഷണത്തെ അദ്ദേഹം വീണ്ടും പ്രതിധ്വനിപ്പിച്ചു.

സർക്കാർ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർ‌.എസ്‌.എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങൾ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും എന്ന് ഖാർഗെ കത്തിൽ വാദിച്ചിരുന്നു.

‘ആർ‌.എസ്‌.എസ് കയറിക്കൂടുന്നിടത്തൊക്കെ പുരോഗമന പ്രത്യയശാസ്ത്രം അവസാനിക്കുന്നു. പകരം പിന്തിരിപ്പൻ പ്രത്യയശാസ്ത്രം വരുന്നു. അത്തരം പ്രത്യയശാസ്ത്രം വരുമ്പോൾ വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, സമത്വം എന്നിവക്ക് പ്രാധാന്യം ലഭിക്കുകയില്ലെന്നും’ രോഹിത് പറഞ്ഞു.

രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കുഴക്കരുതെന്നും മഹാരാഷ്ട്രയിലെ സർവകലാശാലകളിൽ ആർ‌.എസ്‌.എസിന്റെ വർധിച്ചുവരുന്ന സ്വാധീനം വിദ്യാഭ്യാസ നിലവാരത്തിൽ സ്ഥിരമായ ഇടിവിന് കാരണമായിട്ടുണ്ടെന്നും രോഹിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ എല്ലാ സർവകലാശാലകളും അവിടത്തെ എല്ലാ ഡീനുകളും മേധാവികളും ആർ‌.എസ്‌.എസ് പ്രത്യയശാസ്ത്രത്തിൽ പെട്ടവരാണ്. അതിന്റെ ആളുകൾ അവിടെ ഇരുന്ന ദിവസം മുതൽ വിദ്യാഭ്യാസ നിലവാരം മോശമായെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലെ എല്ലാ സർവകലാശാലകളും വളരെ പിന്നോട്ട് പോയിരിക്കുന്നുവെന്ന സർക്കാർ റിപ്പോർട്ടും രോഹിത് ഉദ്ദരിച്ചു.

ആർ.‌എസ്‌.എസായാലും മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയായാലും രാഷ്ട്രീയത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ആർ‌.എസ്‌.എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പവാർ പറഞ്ഞു. താലിബാൻ എന്നാൽ ‘തീവ്രമായ ചിന്ത’ എന്നാണ്. അത്തരം ചിന്തകൾ കടന്നു വരുമ്പോൾ ബാബാസാഹേബ് അംബേദ്കർ, ഛത്രപതി ശിവജി, മഹാത്മാ ഫൂലെ തുടങ്ങിയ മഹാത്മാക്കളായ നേതാക്കളുടെ ചിന്തകൾ അവിടെ അവസാനിക്കുന്നു. അത്തരം ചിന്തക്ക് സമൂഹത്തിൽ സ്ഥാനമുണ്ടാകരുതെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - 'Government should ban RSS in schools and colleges'; NCP leader Rohit Pawar supports Priyanka Kharge's call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.