ബംഗളൂരു: ‘ഒരു കാപ്പിയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാ’മെന്ന ടാഗ് ലൈനുമായി രാജ്യത്ത് കാപ്പി വിപ്ലവം തീർത്ത സിദ്ധാർഥയുടെ അപ്രതീക്ഷിത മരണത്തിെൻറ നടുക്കത്തിലാണ് രാജ്യത ്തെ കഫെ കോഫി ഡേ ആരാധകരും. ‘നിങ്ങൾ കാരണമാണ് ഇന്ത്യ ഒാരോ കപ്പിലും ആനന്ദം കണ്ടെത്തിയതെ ന്നും നിങ്ങളെ ഞങ്ങൾ മിസ് ചെയ്യും’, ‘ആഗ്രഹങ്ങൾ പിന്തുടരുന്നതിൽ എപ്പോഴും പ്രചോദനമായ നിങ്ങളുടെ മടക്കം തോറ്റിട്ടല്ല’. എന്നിങ്ങനെയുള്ള അനുശോചനകുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ഇന്ത്യയിൽ കഫെ സംസ്കാരം തന്നെ തുടങ്ങിവെച്ചത് ‘കഫെ കോഫി ഡേ’യുടെ ആരംഭത്തോടെയാണ്. ഇതിനുശേഷം കഫെ കോഫി ഡേയുടെ മാതൃകയിൽ പല സ്ഥാപനങ്ങളും ആരംഭിച്ചെങ്കിലും സി.സി.ഡിക്ക് ലഭിച്ച ജനപ്രീതി ലഭിച്ചിരുന്നില്ല. തിരക്കുകൾക്കിടയിൽനിന്നും കൂട്ടുകാരും കുടുംബക്കാരുമായി ഒന്നിച്ചുപോയി ഇരിക്കാനുള്ളൊരിടമായി കഫെ കോഫി ഡേ മാറി. സംഗീതത്തിെൻറ പശ്ചാത്തലത്തിൽ ഒരു ആവിപറക്കുന്ന കാപ്പിയുമായി പലരും മണിക്കൂറുകളോളം കഫെയിൽ െചലവിട്ടു. ചിലർ സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ചപ്പോൾ ചിലർ കഫെയിലൂടെ ജീവിത പങ്കാളിയെ ആദ്യമായി കണ്ടുമുട്ടി. കഫെ കോഫി ഡേയിലെ ഒരു കപ്പ് കാപ്പിയിൽ ജീവിതം മാറിയ പലരും അവരുടെ ഒാർമകൾ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുകയാണിപ്പോൾ.
സിദ്ധാർഥ കാരണം ഒരുപാട് കല്യാണങ്ങൾ, ഡേറ്റുകൾ, ബ്രേക്ക് അപ്പുകൾ, സൗഹൃദങ്ങൾ, തൊഴിലവസരങ്ങൾ, സംരംഭങ്ങൾ എന്നിവയുണ്ടായെന്നാണ് മനുകുമാർ എന്നരൊൾ ട്വീറ്റ് ചെയ്തത്. കഫെ കോഫി ഡേയുടെ ലോഗോ കറുത്ത നിറമാക്കി പ്രഫൈൽ ചിത്രമാക്കിയാണ് പലരും അനുശോചനമറിയിക്കുന്നത്. സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് സിദ്ധാർഥ എപ്പോഴും പ്രചോദനമായിരുന്നുവെന്നും കഫെ കോഫി ഡേയുമായി ഒരുപാട് ഒാർമകളുണ്ടെന്നുമാണ് യുവതി-യുവാക്കൾ ട്വിറ്ററിലൂടെ പങ്കുവെക്കുന്നത്. ഒാഫിസുപോലുമില്ലാത്ത യുവ സംരംഭകർക്ക് കഫെ കോഫി ഡേ ആയിരുന്നു അവരുെട ആദ്യ ഒാഫിസ്. കഫെയിലെത്തി മറ്റുള്ളവർക്കൊപ്പം വരിയിൽനിന്ന് കാപ്പി ഒാഡർ ചെയ്ത സിദ്ധാർഥയെയും പലരും ഒാർത്തെടുക്കുന്നുണ്ട്. ഇത്തരത്തിൽ സാധാരണക്കാരനായ എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന സംരംഭകനായിരുന്നു സിദ്ധാർഥെന്നും ഇത്രയും നേട്ടങ്ങൾ നേടിയ ഒരാളുടെ മരണം അവിശ്വസനീയമാണെന്നുമാണ് പലരും ട്വീറ്റ് ചെയ്യുന്നത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗംഗയ്യ ഹെഗ്ഡെക്കും വാസന്തി ഹെഗ്ഡെക്കും ഒരു മകനെ ലഭിക്കുന്നത്. എന്നാൽ, ഏക മകൻ സിദ്ധാർഥയുടെ വിയോഗ വാർത്ത പോലും അറിയാതെ കിടക്കുകയാണ് 96 കാരനായ ഗംഗയ്യ ഹെഗ്ഡെ.
വാർധക്യ സഹജമായ അസുഖത്തെതുടർന്ന് രണ്ടാഴ്ച മുമ്പാണ് എസ്.എം. കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗംഗയ്യയെ പ്രവേശിപ്പിക്കുന്നത്. അബോധാവസ്ഥയിലായ ഗംഗയ്യ പ്രിയമകൻ മരിച്ചത് ഇതുവരെ അറിഞ്ഞിട്ടില്ല. മൂന്നു ദിവസം മുമ്പ് ആശുപത്രിയിലെത്തി പിതാവിനെ കണ്ട സിദ്ധാർഥ സങ്കടത്തോടെയാണ് മടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.