ഗോധ്ര കേസിലെ പ്രതികളെ ശിക്ഷാ ഇളവിന് പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് സർക്കാർ; വധശിക്ഷ നൽകണമെന്ന് ആവശ്യം

ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികൾക്ക് ശിക്ഷാ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഇളവ് നൽകരുതെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. 'ടാഡ' വകുപ്പ് ചുമത്തപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാറിന്‍റെ ശിക്ഷാ ഇളവ് നയത്തിൽ പരിഗണിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് ഗുജറാത്ത് സർക്കാർ എതിർപ്പറിയിച്ചത്. പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നും സർക്കാർ വാദിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പ്രതികളുടെ വിശദാംശങ്ങൾ തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതികൾ 17 വർഷമായി ജയിലിൽ കഴിയുന്നു, പലരുടെയും പ്രായം അറുപത് വയസ് കഴിഞ്ഞുവെന്നും അത് പരിഗണിച്ച് ഇവർക്ക് ജാമ്യം നൽകണമെന്നുമാണ് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ജാമ്യം നൽകരുതെന്നും പലർക്കും വധശിക്ഷ നൽകി അതിൽ തന്നെ പിന്നീട് ഇളവ് നൽകിയെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ തുഷാർമേത്ത വാദിച്ചു. മാത്രവുമല്ല ട്രെയിൻ പുറമെ നിന്ന് പൂട്ടിയിരുന്നുവെന്നും പ്രതികളിൽ ഒരാൾ പെട്രോൾ കൈവശം വെച്ചതിന് തെളിവുണ്ടെന്നും ഗുജറാത്ത് സർക്കാർ വാദിച്ചു. കേസ് മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.


നേരത്തെ, ഗുജറാത്ത് കലാപത്തിൽ 17 വർഷം പൂർത്തിയാക്കിയ പലർക്കും ജയിൽ മോചനം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഗോധ്ര കേസിലെ പ്രതികളും അപേക്ഷ നൽകിയത്. എന്നാൽ ജാമ്യാപേക്ഷ തന്നെ ഗുജറാത്ത് സർക്കാർ എതിർക്കുകയാണ്.


2002ൽ ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സബർമതി ട്രെയിൻ തീവെപ്പിന് ശേഷമാണ് സംസ്ഥാനത്തുടനീളം കലാപം  പൊട്ടിപ്പുറപ്പെട്ടത്. കർസേവകരും തീർഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.


കേസിൽ 2011ൽ 31 പ്രതികളെ ശിക്ഷിക്കുകയും 63 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവുമായിരുന്നു വിധിച്ചത്. 2017ൽ ഗുജറാത്ത് ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. 

Tags:    
News Summary - Godhra Train Burning Case Convicts Not Eligible For Premature Release As Per State's Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.