ഗോധ്ര തീവെപ്പ്: 17 വർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് സുപ്രീംകോടതിയുടെ ജാമ്യം

ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് സുപ്രീംകോടതിയുടെ ജാമ്യം. 17 വർഷമായി ജയിലിൽ കഴിയുന്ന ഫറൂഖിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ് നരസിംഹയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. ദീർഘകാലമായി ജയിലിൽ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് ഫറൂഖിന് ജാമ്യം അനുവദിച്ചത്. ഗോധ്ര ട്രെയിൻ തീവെപ്പ് നടന്ന സമയത്ത് കല്ലെറിഞ്ഞു എന്നുള്ളതാണ് ഫാറൂഖിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

ഗുജറാത്ത് കലാപക്കേസിലെ പല പ്രതികളും ജയിൽ മോചിതരായതാണെന്നും എന്തുകൊണ്ട് ഗോധ്ര കേസിലെ പ്രതികൾക്ക് ജാമ്യം നൽകി കൂടായെന്നും കഴിഞ്ഞ തവണ ജാമ്യഹരജി പരിഗണിക്കവെ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചിരുന്നു.

തീവെപ്പിനെ തുടർന്ന് 58 പേരാണ് ട്രെയിനിലുള്ളിൽ വെന്ത് മരിച്ചത്. തീപിടിച്ച ട്രെയിനിൽ നിന്ന് രക്ഷപ്പെടാനായി പുറത്തേക്കിറങ്ങിയവരെ അതിന് അനുവദിക്കാതെ പ്രതികൾ കല്ലെറിയുകയായിരുന്നു. സംഭവം നരഹത്യയായി പരിഗണിക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.

2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര തീവെപ്പ് കേസിൽ 31 പ്രതികളാണുള്ളത്. ഇതിൽ 11 പേർക്ക് വധശിക്ഷയും ബാക്കിയുള്ള 20 പേർക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു. നൂറോളം പേർ അറസ്റ്റിലായ കേസിൽ 63 പേരെ കോടതി വെറുതെവിട്ടു.

പ്രതികൾ നൽകിയ അപ്പീൽ ഹരജി 2017 ഒക്ടോബറിൽ പരിഗണിച്ച ഗുജറാത്ത് ഹൈകോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ശിക്ഷക്കെതിരായ പ്രതികളുടെ അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

Tags:    
News Summary - Godhra train burning case: 16 years in jail granted bail by Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.