ഗോവ കൊലപാതകം: കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബംഗളൂരു: ഗോവയിൽ നാലു വയസ്സുകാരനെ മാതാവായ സ്റ്റാർട്ട് അപ് സി.ഇ.ഒ സൂചന സേത് (39) കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ചിത്രദുർഗ ഹിരിയൂർ താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കുമാർ നായിക് പറഞ്ഞു.

കൈ കൊണ്ട് ശ്വാസംമുട്ടിച്ചതായി കാണുന്നില്ല. തലയണയോ വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആകാം ഉപയോഗിച്ചതെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഗോവയിൽ ഇവർ വാടകക്കെടുത്ത സർവിസ് അപ്പാർട്മെന്‍റിലെ മുറിയിൽ നിന്ന് രണ്ട് ഒഴിഞ്ഞ കഫ് സിറപ്പ് ബോട്ടിലുകൾ കണ്ടെത്തിയത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൊലപ്പെടുത്തുന്നതിനു മുമ്പ് കുഞ്ഞിന് അമിത തോതിൽ മരുന്ന് നൽകിയിട്ടുണ്ടോ എന്നതും കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണോ എന്നതും ഗോവ പൊലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ യുവതി നൽകിയ മൊഴി മുഴുവനായും മുഖവിലക്കെടുക്കുന്നില്ലെന്നും വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇതുസംബന്ധിച്ച അന്തിമ വിവരം നൽകാനാവൂ എന്നും ഗോവ പൊലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്‍റെ ഭൗതിക ശരീരം ബുധനാഴ്ച ബംഗളൂരുവിലെ രാജാജി നഗറിലെത്തിച്ച് അന്തിമ ചടങ്ങുകൾ നടത്തി. പിതാവ് വെങ്കട്ടരാമൻ (42) ജകാർത്തയിൽനിന്ന് ചൊവ്വാഴ്ച രാത്രി തന്നെ ചിത്രദുർഗയിലെത്തിയിരുന്നു. തുടർന്നാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്‍റെ മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്മോർട്ടം നടത്തി വിട്ടുനൽകിയത്.

ബംഗളൂരു രാജാജി നഗറിലെ അപ്പാർട്മെന്‍റിലേക്കാണ് കുഞ്ഞിന്‍റെ ഭൗതിക ശരീരം കൊണ്ടുവന്നത്. അന്ത്യദർശനത്തിന് ശേഷം രാജാജി നഗറിലെ ഹരിശ്ചന്ദ്ര ഘട്ട് ശ്മശാനത്തിൽ വെങ്കട്ടരാമൻ ആചാരപ്രകാരമുള്ള സംസ്കാര ക്രിയകൾ നിർവഹിച്ച് സംസ്കാരം നടത്തി.

ബംഗാൾ സ്വദേശിനിയായ സൂചന സേത് ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബ് സി.ഇ.ഒയാണ്. ഭർത്താവും പാലക്കാട് സ്വദേശിയുമായ പി.ആർ. വെങ്കട്ടരാമൻ മലേഷ്യയിലെ ജകാർത്തയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. 2010 ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു വർഷമായി വേർപിരിഞ്ഞുകഴിയുന്ന ഇവരുടെ വിവാഹമോചന കേസ് അന്തിമഘട്ടത്തിലാണ്. 2022 ആഗസ്റ്റ് എട്ടിന് വെങ്കട്ടരാമനെതിരെ സൂചന സേത് ഗാർഹിക പീഡന പരാതി നൽകിയിരുന്നു.

തുടർന്ന്, സൂചനയുടെ വീട്ടിൽ പ്രവേശിക്കുന്നതിനും കുട്ടിയുമായി ഫോണിലൂടെ സംസാരിക്കുന്നതിനും വെങ്കട്ടരാമനെ വിലക്കി ആഗസ്റ്റ് 18ന് കോടതി ഉത്തരവിട്ടു. കുട്ടിയുടെ ചെലവിലേക്കായി 20,000 രൂപ നൽകണമെന്നും നിർദേശിച്ചു. കേസിൽ ഡിസംബർ 12നായിരുന്നു അവസാന ഹിയറിങ്. ജനുവരി 29ന് ഹരജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ക്രൂരകൃത്യം അരങ്ങേറിയത്.

Tags:    
News Summary - Goa murder: Postmortem report says baby was killed in apartment by suffocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.