ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ (കസേരയിൽ ഇരിക്കുന്നയാൾ) ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. രുദ്രേഷ് കുട്ടിക്കറിനോട് കയർക്കുന്നു
ഗോവ: കീഴ്ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫിസറെ (സി.എം.ഒ) പരസ്യമായി അവഹേളിച്ച ഗോവയിലെ ബി.ജെ.പി മന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു. എതിർപ്പ് ശക്തമായതോടെ മാപ്പ് പറഞ്ഞു തടിയൂരാനുള്ള ശ്രമത്തിലാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ. ഗോവ മെഡിക്കൽ കോളജിൽ ശനിയാഴ്ചയാണ് ആളുകൾ നോക്കി നിൽക്കെ ഡോ. രുദ്രേഷ് കുട്ടിക്കറിനോട് മന്ത്രി പരസ്യമായി ആക്രോശിച്ചത്.
‘ആരാണ് സി.എം.ഒ? അയാളോട് ഇവിടെ വരാൻ പറയൂ’ എന്ന് കീഴ്ജീവനക്കാരോട് ആവശ്യപ്പെട്ടാണ് ഡോക്ടറെ വിളിച്ചു വരുത്തിയത്. കസേരയിൽ ഇരുന്ന മന്ത്രിക്ക് മുന്നിൽ നിന്ന ഡോക്ടറോട് കീശയിൽ നിന്ന് കൈയെടുക്കാനും മാസ്ക് താഴ്ത്താനും കടുത്ത സ്വരത്തിൽ ആവശ്യപ്പെട്ടു. ‘നാവ് നിയന്ത്രിക്കാൻ പഠിക്കണം. താനൊരു ഡോക്ടറാണ്. രോഗികളോട് മര്യാദക്ക് സംസാരിക്കണം’ എന്നിങ്ങനെ പറഞ്ഞപ്പോൾ ഡോക്ടർ മറുപടി പറയാൻ ശ്രമിച്ചു. ഇതോടെ ക്രൂദ്ധനായ മന്ത്രി ‘ഞാൻ പറയുമ്പോൾ താൻ മിണ്ടരുത്! താൻ പോ!’ എന്ന് പറഞ്ഞ് ഡോക്ടറെ ആട്ടിപ്പുറത്താക്കി. ‘ഇയാളുടെ സസ്പെൻഷൻ ഓർഡർ ശരിയാക്ക്’ എന്ന് കൂടെയുള്ളവരോട് പറയുന്നതും കേൾക്കാം.
സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന സമരം പ്രഖ്യാപിക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവരികയും ചെയ്തതോടെയാണ് നിൽക്കക്കള്ളിയില്ലാതെ മന്ത്രി മാപ്പുപറഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ക്ഷോഭിച്ചതാണെന്നും ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിശ്വജിത്ത് റാണെ പറഞ്ഞു.
ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയാണ് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ചീഫ് മെഡിക്കൽ ഓഫിസറെ പരസ്യമായി ശാസിച്ചത്. ഉടൻ തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട റാണെ, വിശദീകരണം തന്നാലും താൻ ആരോഗ്യമന്ത്രിയായിരിക്കുന്നിടത്തോളം ജോലിയിൽ തിരികെ എടുക്കില്ലെന്നും ഭീഷണിപ്പെടുത്തി.
മന്ത്രി പരസ്യമായി മാപ്പുപറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയതോടെയാണ് ഡോക്ടറെ ഫോൺ വിളിച്ച് ക്ഷമാപണം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ മന്ത്രി അറിയിച്ചത്. മന്ത്രിയുടേത് അധികാര ദുർവിനിയോഗമാണെന്ന് ഗോവ കോൺഗ്രസ് വിമർശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും ഗോവ പി.സി.സി അധ്യക്ഷൻ അമിത് പാട്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.