മുംബൈ: ഗോവയിൽ 10 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ സർക്കാറിലെ സഖ്യകക്ഷിക ളുടെ നില പരുങ്ങലിൽ. മൂന്ന് അംഗങ്ങളുള്ള വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി)യുടെയും മൂന്നു സ്വതന്ത്രന്മാരുടെയും പിന്തുണയിലാണ് പ്രമോദ് സാവന്തിെൻറ നേതൃത്വത്തിലുള്ള നിലവിലെ ബി.ജെ.പി സർക്കാർ തുടരുന്നത്.
വിജയ് സർദേശായി ഉപമുഖ്യമന്ത്രിയുമാണ്. 17 എം.എൽ.എമാരാണ് ഇതുവരെ ബി.ജെ.പിക്കുണ്ടായിരുന്നത്. 40 അംഗ സഭയിൽ ആറ് സഖ്യകക്ഷി എം.എൽ.എമാരുടെ പിന്തുണയിലാണ് ഭൂരിപക്ഷം തികച്ചത്.
ബുധനാഴ്ച രാത്രി കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ ലയിച്ചതോടെ ബി.ജെ.പിയുടെ മാത്രം അംഗബലം 27 ആയി ഉയർന്നു. ഇതോടെ സഖ്യകക്ഷികളുടെ ആവശ്യം ബി.ജെ.പിക്ക് ഇല്ലാതായി. കോൺഗ്രസ് വിട്ട് എത്തിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെങ്കിൽ സഖ്യകക്ഷികളെ ഒഴിവാക്കണം. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് പ്രമോന്ത് സാവന്ത് ഒഴിഞ്ഞുമാറുകയാണ്. കേന്ദ്ര നേതൃത്വത്തിെൻറ അനുമതി ലഭിക്കുന്ന മുറക്ക് മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
ഇതിനിടയിൽ, ബി.ജെ.പിയിൽ ലയിച്ച എം.എൽ.എമാർ ഡൽഹിയിൽ ചെന്ന് ദേശീയ വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇവരെ ഡൽഹിയിൽ കൊണ്ടുപോയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും എം.എൽ.എമാർ കണ്ടു. മുൻ മുഖ്യമന്ത്രിമാരായ പ്രതാപ്സിങ് റാണ, ദിഗംബർ കാമത്ത്, രവിനായിക്, ലൂയിസിഞൊ ഫലെരിയൊ എന്നിവരുൾപ്പെടെ അഞ്ചു പേർ മാത്രമാണ് കോൺഗ്രസിൽ അവശേഷിച്ചത്.
2017ൽ 17 അംഗങ്ങളുമായി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ നോക്കുകുത്തിയാക്കി ജി.എഫ്.പി, എം.ജി.പി പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയിൽ മനോഹർ പരീകർ സർക്കാറുണ്ടാക്കുകയായിരുന്നു. നിയമസഭകക്ഷി നേതാവിനെ കണ്ടെത്തുന്നത് നേതൃത്വം വൈകിച്ചതാണ് അന്ന് കോൺഗ്രസിന് വിനയായത്. പരീകർക്ക് ശേഷം വന്ന പ്രമോദ് സാവന്ത് എം.ജി.പിയുടെ രണ്ട് എം.എൽ.എമാരെ അടർത്തിയെടുത്ത് അംഗബലം കൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.