ക്രിപ്റ്റോകറൻസി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ​ലോകരാജ്യങ്ങൾ ഒന്നിച്ചുപ്രവർത്തിക്കണം -മോദി

ന്യൂഡൽഹി: ക്രിപ്റ്റോകറൻസി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച വിർച്വൽ പരിപാടിയായ ദാവോസ് അജണ്ട കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ക്രി​പ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സാ​ങ്കേതിക വിദ്യകളിലെ വെല്ലുവിളികൾ നേരിടാൻ ഒരു രാജ്യമെടുക്കുന്ന തീരുമാനംകൊണ്ട് മാത്രം സാധിക്കില്ല. സമാനമായ ചിന്താഗതി എല്ലാവർക്കുമുണ്ടാകണം' -മോദി പറഞ്ഞു.

ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ കേ​ന്ദ്രസർക്കാർ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പല കാരണങ്ങൾ​​കൊണ്ട് പിന്നീട് ഇവ ഒഴിവാക്കുകയായിരുന്നു. നേരത്തേ ഡിജിറ്റൽ കറൻസികൾ സാമ്പത്തിക സ്ഥിര​തയെ ബാധിച്ചേക്കാമെന്ന ഗുരുതര ആശങ്കകൾ ഉയർത്തി റിസർവ് ബാങ്കും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഏകദേശം ഒന്നരക്കോടി മുതൽ രണ്ടുകോടി വരെ ക്രിപ്റ്റോ കറൻസി നിക്ഷേപകരുണ്ടെന്നാണ് കണക്കുകൾ. ഏകദേശം 40,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും പറയുന്നു.

വർത്തമാന കാലത്തിന് മാത്രമല്ല അടുത്ത 25 വർഷത്തെ ആവശ്യങ്ങൾക്ക് ഊന്നൽ നൽകിയാണ് ഇന്ത്യ അതിന്റെ നയങ്ങൾക്ക് രൂപം നൽകുന്നത്. വികസനം മാ​ത്രമല്ല ലക്ഷ്യമെന്നും ക്ഷേമവും സുസ്ഥിരവും പച്ചപ്പും വൃത്തിയും ലക്ഷ്യംവെക്കു​ന്നുണ്ടെന്നും മോദി പറഞ്ഞു. സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനൊപ്പം കടുത്ത ജാഗ്രതയോടെ ഇന്ത്യ മറ്റൊരു കോവിഡ് തരംഗത്തെ നേരിടാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് റെക്കോഡ് എണ്ണം സോഫ്റ്റ്വെയർ എൻജിനീയർമാരെ അയക്കുന്നു. 50ലക്ഷത്തിലധികം സോഫ്റ്റ് വെയർ ഡെവലപർമാർ ഇന്ത്യയിൽ ജോലി ചെയ്യുന്നു. വ്യവസായ സൗഹൃദമായ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയം ഇതാണെന്നും മോദി ദാവോസ് അജൻഡയിൽ പറഞ്ഞു. 

Tags:    
News Summary - Global Effort Needed PM Modi Said on Cryptocurrencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.