ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് സമീർ വാങ്കഡെ
മുംബൈ: തനിക്കും കുടുംബത്തിനും അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ പേരിൽ വധഭീഷണി സന്ദേശം ലഭിച്ചതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും വാങ്കഡെ പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുംബൈ പൊലീസിനായിരിക്കുമെന്നും വാങ്കഡെ ഓർമപ്പെടുത്തി.
വധഭീഷണി ലഭിച്ച കാര്യം മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ വാങ്കഡെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് സമീർ വാങ്കഡെ ശ്രദ്ധിക്കപ്പെട്ടത്.
ആര്യൻ ഖാനെ കേസിൽ നിന്നൊഴിവാക്കാൻ വാങ്കഡെ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ വാങ്കഡെയെ ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാന്റെ അറസ്റ്റ് സംബന്ധിച്ച് നിയമം ലംഘിച്ചാണ് വാങ്കഡെ ഷാരൂഖ് ഖാനുമായി സംഭാഷണം നടത്തിയതെന്ന് എൻ.സി.ബിയിലെ മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയും ചെയ്തു.
സി.ബി.ഐ അറസ്റ്റിൽ നിന്ന് രക്ഷതേടി വാങ്കഡെ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. മേയ് 22 വരെ തന്നെ അറസ്റ്റിൽ നിന്ന് സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഹൈകോടതി ജൂൺ എട്ടുവരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടിനൽകുകയും ചെയ്തു. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ് ആപ് ചാറ്റ് വാങ്കഡെ കോടതിയിൽ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.