ന്യൂഡൽഹി: ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ന്യൂഡൽഹിയിലെ ജർമ്മൻ എംബസി. ചൊവ്വാഴ്ചയാണ് നിർണായക തീരുമാനം എംബസി അറിയിച്ചത്. ബുധനാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ജൂൺ രണ്ടിന് ഫെഡറൽ ലോ ഗസറ്റിൽ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യാത്രാനിയമങ്ങൾ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജർമ്മൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ജർമ്മൻ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ചില പ്രത്യേക സന്ദർഭങ്ങളിൽ എയർപോർട്ട് ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്രകൾക്ക് ജർമൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർക്ക് തീരുമാനം ഗുണം ചെയ്യും. യൂറോപ്പിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കെല്ലാം ഈ വിസ ഇളവിന്റെ ആനുകൂല്യം ലഭിക്കും.
ഈ വർഷം ആദ്യം ഫ്രാൻസ് സ്വീകരിച്ച സമാന നടപടിയുടെ തുടർച്ചയായാണ് ജർമനിയുടെയും തീരുമാനം. ഫെബ്രുവരിയിൽ ഫ്രാൻസ് വഴി മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2026 ഏപ്രിൽ മുതൽ ഇളവ് പ്രാബല്യത്തിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.