ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ജന്തർമന്തറിൽ നടന്ന ‘പാറ്റ വിപ്ലവത്തിന്’ വേറിട്ട ശൈലി നൽകി ‘ജെൻസി’കൾ.
രോഷവും മുദ്രാവാക്യങ്ങളും മാത്രം നിറഞ്ഞ പരമ്പരാഗത രീതികൾക്കുപകരം റീലുകൾ, പരിഹാസം, ഉപമകൾ, പാട്ടുകൾ എന്നിവയെയാണ് ഇവർ തങ്ങളുടെ പ്രക്ഷോഭ ആയുധങ്ങളാക്കിയത്.
കണ്ണീർവാതകവും ബാരിക്കേഡ് തടസ്സങ്ങളും ലാത്തിച്ചാർജും നിറഞ്ഞ സമരമുഖങ്ങളെപ്പോലും റീലുകളിലൂടെയും മീമുകളിലൂടെയും ഹാസ്യത്തിലൂടെയും പ്രതിരോധിച്ചു. ഭരണകൂടം ഭയം സൃഷ്ടിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന ഇടങ്ങളിലേക്ക് ചിരിയും ട്രോളുകളും കൊണ്ട് പ്രതിരോധത്തിന്റെ പുതിയ പാഠങ്ങൾ രചിച്ചു.
സമരവേദിയിലെ ട്രെൻഡിങ് പോസ്റ്റുകളും ലൈവ് സ്ട്രീമുകളും കണ്ടാണ് പലരും സമരപ്പന്തലിലേക്ക് ആകർഷിക്കപ്പെട്ടത്. തങ്ങളെ നേരിടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ നിന്നടക്കം നിരവധി റീലുകൾ പങ്കുവെച്ചതോടെ നിരവധി പേർ സമരത്തിലേക്ക് ഒഴുകിയെത്തി. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടക്കുമ്പോഴും നഖം വൃത്തികേടായതിനെക്കുറിച്ച് റീൽസ് ചിത്രീകരിക്കുന്ന പെൺകുട്ടികൾ, പൊലീസിനെ നോക്കി നൃത്തം ചെയ്യുന്നവർ തുടങ്ങിയവ ഏറെ വൈറലായി.
സമരത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി മെലോണിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള പരിഹാസം നിറഞ്ഞ പോസ്റ്റുകൾ. സർക്കാർ വിദ്യാർഥികളെ ഗൗരവമായി കാണാത്ത സ്ഥിതിക്ക്, ഇത്തരം വിനോദ രീതികളിലൂടെ അവരുടെ ശ്രദ്ധ ആകർഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പോസ്റ്ററുമായി സമരത്തിലെത്തിയ വിദ്യാർഥി പറഞ്ഞു.
‘തു ജൂഠി മേം മക്കാർ’ എന്ന സിനിമയുടെ പോസ്റ്റർ പുനഃസൃഷ്ടിച്ച് നരേന്ദ്ര മോദിയുടെയും ധർമേന്ദ്ര പ്രധാന്റെയും ചിത്രങ്ങൾ വെച്ചുള്ള മീമുകൾ സമരപ്പന്തലിൽ വൈറലായി.
’ദേശീയ പരീക്ഷാ ഏജൻസിയേക്കാൾ ചോർച്ചയില്ലാത്തത് എന്റെ പാഡുകൾക്കാണ്’ എന്ന പ്ലക്കാർഡുകൾ നിരവധി പെൺകുട്ടികൾ കൊണ്ടുവന്നു.പുതുതലമുറയെന്നുപറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തുന്ന ജെൻസികൾ സമരത്തിൽ ചരിത്ര ഗാനങ്ങളും ആലപിച്ച് സമരത്തിന് ഊർജം പകർന്നു. വിപ്ലവ കവി ബിസ്മിൽ അസിമാബാദിയുടെയും റാം പ്രസാദ് ബിസ്മിലിന്റെയും സ്വാതന്ത്ര്യ സമരകാലത്തെ ഗാനങ്ങളും സമരവേദിയിൽ പ്രതിധ്വനിച്ചു.
സമരത്തിന് നേരിട്ടെത്താനാകാത്തവർ ഓൺലൈൻ വഴി ഭക്ഷണം, വസ്ത്രം, ചെരിപ്പ്, സാനിറ്ററി പാഡുകൾ അടക്കം അടിസ്ഥാന ആവശ്യങ്ങളെല്ലാം എത്തിച്ച് സമരത്തിന് പുതിയ മാതൃകകൾ കാണിച്ചുകൊടുത്തു. കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് സമരവേദിയിലേക്ക് ഓൺലൈൻ വഴി അവശ്യവസ്തുക്കൾ എത്തിച്ചത്.
രാഷ്ട്രീയ രോഷവും സോഷ്യൽ മീഡിയ സംസ്കാരവും ഒന്നിക്കുന്ന വേറിട്ട ഒരു പ്രതിഷേധ വേദി കൂടിയായി ജന്തർമന്തർ മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.