ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ഗ്രാമത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി.
നാലാഴ്ചക്കകം ഏതു കോടതിയെയും സമീപിക്കാൻ നവ്ലാഖക്ക് കഴിഞ്ഞദിവസം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മോചനം. വിചാരണ കോടതിയുടെ ട്രാൻസിറ്റ് റിമാൻഡ് ഉത്തരവ് റദ്ദാക്കിയ കോടതി, വീട്ടുതടങ്കൽ 24 മണിക്കൂർ കഴിഞ്ഞതിനാൽ ഇനിയും തടവിൽ വെക്കുന്നത് നീതീകരിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. വിചാരണകോടതിയുടെ ഉത്തരവ് നിയമത്തിന് മുന്നിൽ നിലനിൽക്കുന്നതല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 28നാണ് ഡൽഹിയിൽനിന്ന് നവ്ലാഖയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം വരവരറാവു, അരുൺ ഫെരേര, വെർനോൺ ഗോൺസാൽവസ്, സുധ ഭരദ്വാജ് എന്നീ മനുഷ്യാവകാശ പ്രവർത്തകരെയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീട്ടുതടങ്കലിൽ കഴിയുന്ന ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ അടക്കമുള്ളവർ നൽകിയ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.
മനുഷ്യാവകാശ പ്രവർത്തകരുടെ വീ ട്ടുതടങ്കൽ നാലാഴ്ച കൂടി നീട്ടിയ കോടതി, കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാകില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.