ഗൗതം അദാനി

അദാനിയുടെ വാർഷിക ശമ്പളം 10.41 കോടി രൂപ; മിക്ക വൻകിട വ്യവസായികളേക്കാളും കുറവെന്ന്

ന്യൂഡൽഹി: ഇന്ത്യയിലെ വൻ ധനികനിരൊലാളായ ശതകോടീശ്വരൻ ഗൗതം അദാനിക്ക് 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ആകെ ലഭിച്ചത് 10.41 കോടി രൂപയെന്ന്.  ഇത് മിക്ക വ്യവസായ സഹപ്രവർത്തകരെയും സ്വന്തം കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരെയും അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ട്.

62 കാരനായ അദാനി തന്റെ തുറമുഖ- ഊർജ്ജ കമ്പനിയിലെ ലിസ്റ്റുചെയ്ത ഒമ്പത് കമ്പനികളിൽ ര​ണ്ടെണ്ണത്തിൽനിന്ന് ശമ്പളം വാങ്ങിയിരുന്നതായി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 2023-24 സാമ്പത്തിക വർഷത്തിൽ നേടിയ 9.26 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലായിരുന്നു ഇത്തവണത്തെ മൊത്തം ശമ്പളം.

ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ (എ.ഇ.എൽ) നിന്നുള്ള 2024-25 ലെ അദ്ദേഹത്തിന്റെ പ്രതിഫലത്തിൽ 2.26 കോടി രൂപ ശമ്പളവും 28 ലക്ഷം രൂപ പെക്വിസിറ്റുകൾ, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. എ.ഇ.എൽ നിന്നുള്ള മൊത്തം വരുമാനം 2.54 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 2.46 കോടി രൂപയായിരുന്നു.

കൂടാതെ, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ (എ.പി.സെസ്) നിന്ന് 7.87 കോടി രൂപ നേടി. 1.8 കോടി രൂപ ശമ്പളവും 6.07 കോടി രൂപ കമീഷനും.

ഇന്ത്യയിലെ മിക്കവാറും കുടുംബ ഉടമസ്ഥതയിലുള്ള എല്ലാ വലിയ കമ്പനികളുടെയും തലവന്മാരേക്കാൾ കുറവാണ് അദാനിയുടെ ശമ്പളമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടെലികോം രാജാവ് സുനിൽ ഭാരതി മിത്തൽ (2023-24 ൽ 32.27 കോടി), രാജീവ് ബജാജ് ( 53.75 കോടി), പവൻ മുഞ്ജൽ (109 കോടി രൂപ), എൽ ആൻഡ് ടി ചെയർമാൻ എസ്. എൻ സുബ്രഹ്മണ്യൻ (76.25 കോടി രൂപ), ഇൻഫോസിസ് സി.ഇ.ഒ സലിൽ എസ്.പരേഖ് ( 80.62 കോടി രൂപ) തുടങ്ങിയവരുടെ ശമ്പളം ഇങ്ങനെയാണ്.

ഏറ്റവും ധനികനായ ഇന്ത്യക്കാരനായ മുകേഷ് അംബാനി കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം തന്റെ മുഴുവൻ ശമ്പളവും ഉപേക്ഷിക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനുമുമ്പ് അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.

അദാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികളുടെ കുറഞ്ഞത് രണ്ട് ചീഫ് എക്സിക്യൂട്ടിവുകളേക്കാൾ കുറവാണ്. എ.ഇ.എൽ സി.ഇ.ഒ വിനയ് പ്രകാശിന് 69.34 കോടി രൂപ ലഭിച്ചു. പ്രകാശിന്റെ പ്രതിഫലത്തിൽ 4 കോടി രൂപ ശമ്പളവും 65.34 കോടി രൂപ പെർക്വിസിറ്റുകളും അലവൻസുകളും വേരിയബിൾ ഇൻസെന്റീവുകളും ഉൾപ്പെടുന്നു. കമ്പനിയുടെ ഖനന സേവനങ്ങളിലും സംയോജിത വിഭവ മാനേജ്മെന്റ് ബിസിനസിലും അസാധാരണമായ പ്രവർത്തനപരവും സാമ്പത്തികവുമായ പ്രകടനത്തിനാണിതെന്ന് പറയുന്നു.

പുനഃരുപയോഗ ഊർജ സ്ഥാപനമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വിനീത് എസ്. ജെയ്‌ന് 11.23 കോടി രൂപയും ഗ്രൂപ്പ് സി.എഫ്‌.ഒ ജുഗീഷീന്ദർ സിങ് 10.4 കോടി രൂപയും നേടി.

Tags:    
News Summary - Gautam Adani's draws Rs 10.41 crore pay in FY25, lags behind most industry peers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.