ദ്രൗപദി മുർമു

സാമൂഹിക സമത്വത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധി ദർശനം പ്രസക്തമാണ്- ദ്രൗപതി മുർമു

പട്ന: സാമൂഹിക സമത്വത്തേയും ഐക്യത്തേയും സംബന്ധിച്ച ഗാന്ധിയുടെ ദർശനം പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

"ചമ്പാരൻ സത്യാഗ്രഹകാലത്ത് ആളുകൾ ജാതിമത വേലിക്കെട്ടുകൾ ഉപേക്ഷിച്ചു. അവർ ഒരുമിച്ച് പാചകം ചെയ്യുകയും കഴിക്കുകയും ചെയ്തു. 106 വർഷം മുമ്പ് ഗാന്ധി പ്രചോദിപ്പിച്ച ഈ സാമൂഹിക സമത്വവും ഐക്യവും ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തെ തലകുനിക്കാൻ പ്രേരിപ്പിച്ചു. സാമൂഹിക സമത്വത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധി ദർശനം പ്രസക്തമാണ്. ആധുനിക കാലത്ത് ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അടിത്തറയായി അത് പ്രവർത്തിക്കണം"- ദ്രൗപതി മുർമു പറഞ്ഞു.

ഇന്തോ-നേപ്പാൾ അതിർത്തിയിലെ ടെറായി മേഖലയിൽ താമസിക്കുന്ന തരു ഗോത്രത്തിലെ അംഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് സർവകലാശാലയെ മുർമു അഭിനന്ദിച്ചു. സർവകലാശാലയുടെ വിവിധ സ്ട്രീമുകളിലെ മുൻനിര റാങ്കുകാരിൽ 60 ശതമാനത്തോളം പെൺകുട്ടികളാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആത്മവിശ്വാസത്തോടെ പഠനത്തിൽ മികവ് പുലർത്തുന്ന പെൺകുട്ടികളെ കാണുമ്പോൾ രാജ്യത്തിന്റെ ശോഭനമായ ഭാവിയാണ് തനിക്ക് കാണാൻ കഴിയുന്നതെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംസാരിച്ച വ്യക്തി കൂടിയായിരുന്നു ഗാന്ധിയെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

Tags:    
News Summary - Gandhi’s vision of social unity and equality is the way forward: Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.