ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദരിദ്രരുടെ എണ്ണം വർധിക്കുകയാണെന്നും ഏതാനും ചിലരിൽ മാത്രം സമ്പത്ത് കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗ്പൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
സാവധാനത്തിൽ ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പത്ത് ചില സമ്പന്നരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. അത് സംഭവിക്കരുത്. ഇന്ത്യയുടെ വികസനം അളക്കേണ്ടത് ജി.ഡി.പി കണക്കുകൾ കൊണ്ട് മാത്രമല്ല, മറിച്ച് അരികുവൽക്കരിക്കപ്പെട്ട ഗ്രാമീണ സമൂഹങ്ങളുടെ ഉന്നമനത്തിലൂടെയുമാണ്. ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 65-70 ശതമാനം പേർക്കും കൃഷി തൊഴിൽ നൽകുമ്പോൾ, അത് ജി.ഡി.പിയിൽ 12 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് ഞാൻ റോഡുകൾ നിർമ്മിക്കും. കാനഡ, യുഎസ് പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണം ഞാൻ സ്വീകരിക്കുന്നില്ല.
സാമ്പത്തിക ഉദാരവൽക്കരണത്തിന് മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവുവും ഡോ. മൻമോഹൻ സിംഗും തുടക്കമിട്ടതിന് ഗഡ്കരി നന്ദി പറഞ്ഞു. എന്നാൽ ആ വളർച്ചാ മാതൃക അനിയന്ത്രിതമായ കേന്ദ്രീകരണത്തിലേക്ക് പരിണമിക്കാൻ അനുവദിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രത്യയശാസ്ത്രപരമോ സാമ്പത്തികമോ ആയ സിദ്ധാന്തങ്ങൾ പിന്തുടരുന്നതിനുമുമ്പ് ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുകയാണ് വേണ്ടത്. വയറ് ഒഴിഞ്ഞിരിക്കുന്ന ഒരാളെ തത്ത്വചിന്ത പഠിപ്പിക്കാൻ കഴിയില്ല എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകൾ ഗഡ്കരി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.