ന്യൂഡൽഹി: പറന്നുയർന്നതിന് പിന്നാലെ, വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ആയതാണ് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തൽ.
പത്തുമുതൽ 14 സെക്കൻഡുകൾക്കുള്ളിൽ എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും വിമാനത്തിനു വീണ്ടും പറന്നുയർന്നു തുടങ്ങാനുള്ള ശക്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചില്ലെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) കേന്ദ്ര സർക്കാറിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതിന് പിന്നാലെ, പൈലറ്റുമാരിലൊരാൾ എന്തിനാണ് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നതും മറ്റൊരു പൈലറ്റ് താൻ അത് ചെയ്തിട്ടില്ലെന്ന് മറുപടി പറയുന്നതും വിമാനത്തിലെ കോക്പിറ്റ് വോയ്സ് റെക്കോഡിങ്ങിൽ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, സ്വിച്ച് റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറാൻ കാരണം വിമാനത്തിന്റെ സാങ്കേതിക പിഴവാണെന്നോ പൈലറ്റുമാരുടെ വീഴ്ചയാണെന്നോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല.
ബ്ലാക്ക്ബോക്സ്, വിമാനം തകർന്നുവീണ സ്ഥലത്തിന്റെ ഡ്രോൺ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവയുൾപ്പെടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ബോയിങ് കമ്പനിക്കോ എയർ ഇന്ത്യക്കോ എതിരായി റിപ്പോർട്ടിൽ പരാമർശമില്ല. പ്രാഥമിക സൂചനകളെ അടിസ്ഥാനമാക്കി തെളിവുകൾ, രേഖകൾ, വിവരങ്ങൾ എന്നിവ അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് പുറത്തുവരാൻ ഇനിയും കാലതാമസമെടുക്കും.
രണ്ടുദിവസം മുമ്പ് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ചയാണ് പുറത്തുവിട്ടത്. അഹ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് ജൂൺ 12ന് ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ സമീപത്തെ മെഡിക്കൽ കോളജ് വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്.
സഹപൈലറ്റ് ക്ലൈവ് കുന്ദറായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റ് -ഇൻ-കമാൻഡായ സുമീത് സബർവാൾ വിമാനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുകയായിരുന്നു. പറന്നുയർന്നതിന് പിന്നാലെ പരമാവധി വേഗതയായ 180 നോട്ട്സ് കൈവരിച്ചു.
പറന്നുയരുന്നതുവരെ രണ്ട് എൻജിനുകളും സാധാരണ നിലയിൽ പ്രവർത്തിച്ചു. ഉയർന്നതിന് പിന്നാലെ ഒന്നിനു പിറകെ ഒന്നായി ഒരു സെക്കൻഡ് ഇടവേളയിലാണ് രണ്ട് സ്വിച്ചുകളും ഓഫായതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
32 സെക്കൻഡുകൾ മാത്രമാണ് വിമാനം വായുവിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ മതിൽ കടന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടമായി. എൻജിൻ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ വിമാനം നിലത്തുനിന്ന് ഏകദേശം 625 അടി ഉയരത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.