കോഴിക്കോട്: എണ്ണവില കുതിച്ചുയരുന്ന സാഹചര‍്യത്തിൽ വിദ്യാഭ്യാസ മേഖലയെ ഓൺലൈനിലേക്ക് പറിച്ചുനടാനുള്ള സർക്കാർ നീക്കം രാജ്യത്തെ സാധാരണക്കാരായ വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുന്നതായി വിലയിരുത്തൽ. ഇന്ത്യയുടെ ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങളുടെ പരിമിതികളെ പൂർണ്ണമായും വിസ്മരിച്ചുകൊണ്ടുള്ളതാണ് ഈ പരിഷ്കാരമെന്ന് സാമ്പത്തിക-വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വെർച്വൽ ക്ലാസുകൾ അടിച്ചേൽപ്പിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചെലവ് സർക്കാർ പൗരന്മാരുടെ ചുമലിലേക്ക് കെട്ടിവെക്കുകയാണ് ചെയ്യുന്നത്. ഇത് താഴേത്തട്ടിലുള്ള ദരിദ്ര കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറും.
രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ അധ്യാപകക്ഷാമത്തെ അഭിസംബോധന ചെയ്യാതെ ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രൈമറി തലത്തിൽ ഏഴ് ലക്ഷത്തിലധികം അധ്യാപക തസ്തികകളും സെക്കൻഡറി തലത്തിൽ ലക്ഷത്തിലധികം തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം അധ്യാപകരുടെ കുറവുള്ള ഒരു സംവിധാനത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നത് ബോധനശേഷി വർദ്ധിപ്പിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയും ചെയ്യും. ഓൺലൈൻ അധ്യാപനത്തിന് സാധാരണ ക്ലാസ് മുറികളേക്കാൾ കൂടുതൽ തയ്യാറെടുപ്പുകളും ഡിജിറ്റൽ സാക്ഷരതയും ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് അധ്യാപകരിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാനും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം തകരാനും മാത്രമേ ഉപകരിക്കൂ. കേവലം സ്ക്രീനുകളിലേക്ക് ഒതുങ്ങുന്ന പഠനം കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വളർച്ചയെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും.
ദേശീയതലത്തിൽ പുറത്തുവന്ന 2024-ലെ 'അസർ' സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോവിഡിന് ശേഷവും കുട്ടികളുടെ അടിസ്ഥാന പഠനനിലവാരം വളരെ ദയനീയമാണെന്നാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ ഡിജിറ്റൽ വിഭജനം കൂടുതൽ രൂക്ഷമാക്കും. പതിനാല് മുതൽ പതിനാറ് വരെയുള്ള പ്രായപരിധിയിലുള്ള വലിയൊരു പങ്ക് കുട്ടികളുടെ വീടുകളിൽ സ്മാർട്ട്ഫോൺ ഉണ്ടെങ്കിലും, അതിൽ മുപ്പത്തിയൊന്ന് ശതമാനത്തോളം പേർക്ക് മാത്രമാണ് സ്വന്തമായി ഫോണുള്ളത്. പഠന ആവശ്യങ്ങൾക്കായി കൃത്യസമയത്ത് ഫോൺ ലഭ്യമാകുന്നത് അറുപത്തിയഞ്ച് ശതമാനത്തോളം പേർക്ക് മാത്രമാണ്. കൂടാതെ ഫോൺ ഉപയോഗിക്കുന്നവരിൽ വലിയൊരു പങ്ക് കുട്ടികളും സോഷ്യൽ മീഡിയയിലാണ് സമയം ചെലവഴിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ഡിജിറ്റൽ സാക്ഷരതയിലെ ലിംഗവിവേചനവും ഗ്രാമ-നഗര വ്യത്യാസവും ഈ പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം പരിഷ്കാരങ്ങൾ ഗ്രാമീണ മേഖലയിലെയും പിന്നാക്ക വിഭാഗങ്ങളിലെയും വിദ്യാർഥികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ നിക്ഷേപങ്ങൾ ചുരുക്കുന്നത് രാജ്യത്തിൻ്റെ ദീർഘകാല വികസനത്തെയും സാമൂഹിക നീതിയെയും അട്ടിമറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.