സർഗാത്മക ചിത്രം

ഇന്ധന വില കുതിപ്പ്: ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ, സേവനങ്ങളിൽ മാറ്റങ്ങൾ

ന്യൂഡൽഹി: ആഗോള തലത്തിൽ ജെറ്റ് ഇന്ധനത്തിന്‍റെ വില കുത്തനെ ഉയർന്നതോടെ വിമാന മേഖലക്ക് വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. യു.എസ് ഇറാൻ സംഘർഷത്തെ തുടർന്നാണ് ഇന്ധനവില സമീപ ആഴ്ചകളിൽ ബാരലിന് 85 ഡോളറിൽ നിന്നും 90 ഡോളറിൽ നിന്നും 150 മുതൽ 200 ഡോളർ വരെയായി ഉയർന്നത്. ഇത് വ്യോമയാന വ്യവസായത്തെ സമ്മർദ്ദത്തിലാക്കി. വിമനക്കമ്പനികളുടെ പ്രവർത്തന ചെലവിന്റെ നാലിലൊന്ന് വരെ ഇന്ധന ചെലവാണ് നേരിടേണ്ടിവരുന്നത്.

എയർ ഇന്ത്യ, ഇൻഡിഗോ, യുണൈറ്റഡ് എയർലൈൻസ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ധനച്ചെലവ് വർധിച്ചതിനെത്തുടർന്ന് ടിക്കറ്റ് വില വർധിപ്പിച്ചും ഇന്ധന സർചാർജുകൾ കൂട്ടിയും ബാഗേജ്, സർവീസ് ഫീസ് വർധിപ്പിച്ചും രംഗത്തെത്തിയിട്ടുണ്ട്. പല വിമാനക്കമ്പനികളും അവരുടെ ചെലവ് ചുരുക്കൽ, കാര്യക്ഷമത നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

മലേഷ്യൻ എയർലൈനായ എയർ ഏഷ്യ വിമാന സർവിസുകൾ 10ശതമാനം വെട്ടിക്കുറച്ചു. കൂടാതെ ഇന്ധനത്തിന് 20ശതമാനം സർചാർജ് ഈടാക്കിയതായും എയർലൈൻ എക്സിക്യൂട്ടീവ് പറഞ്ഞു.

വർധിച്ചുവരുന്ന ഇന്ധനച്ചെലവ് പരിഹരിക്കുന്നതിനായി ദീർഘദൂര ടിക്കറ്റ് നിരക്കുകൾ കൂട്ടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് എയർ ഫ്രാൻസ് അറിയിച്ചു. ടിക്കറ്റ് നിരക്കിൽ 50 യൂറോ (ഏകദേശം 5000 രൂപ) വർധനയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയും ആഭ്യന്തര സർവീസുകളിൽ 950 രൂപ വരെയും, ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിൽ 10,000 രൂപ വരെയും ഇന്ധന സർചാർജ് ഏർപ്പെടുത്തി.

2027 അവസാനം വരെ എണ്ണവില 100 ഡോളറിന് (8300 രൂപ) മുകളിൽ തുടരുമെന്നതിനാൽ അടുത്ത രണ്ട് പാദങ്ങളിൽ ലാഭകരമല്ലാത്ത വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് സി.ഇ.ഒ സ്കോട്ട് കിർബി പറഞ്ഞു. ജെറ്റ് ഇന്ധനച്ചെലവ് കുതിച്ചുയർന്നിട്ടും ബുക്കിങ്ങുകളെ കാര്യമായി ബാധിക്കാതെ യാത്രാനിരക്കുകൾ ഉയർത്താൻ എയർലൈനിന് കഴിഞ്ഞുവെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ആൻഡ്രൂ നോസെല്ല പറഞ്ഞു. യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ എന്നിവിടങ്ങളിലുടനീളമുള്ള റൂട്ടുകളിൽ ഒന്നും രണ്ടും ബാഗേജുകൾക്കുള്ള ചെക്ക്ഡ് ബാഗേജ് ഫീസ് 10 ഡോളർ (830 രൂപ) വർധിപ്പിക്കുകയും ചെയ്യ്തു.

Tags:    
News Summary - Fuel price hike: Airlines raise ticket prices, make changes to services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.