രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വൻ വിലവർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. ലിറ്ററിന് അഞ്ച് മുതൽ പത്ത് രൂപ വരെ വർധിച്ചേക്കാമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ഉപഭോഗം പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇത് വരാനിരിക്കുന്ന വലിയ വിലക്കയറ്റത്തിന്റെ മുന്നോടിയായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ധന ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷ വ്യൂഹത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്.പി.ജി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. കൂടാതെ, സുരക്ഷാ സന്നാഹങ്ങളിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ളവ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഡൽഹിയിലെ കേന്ദ്രമന്ത്രിമാർ മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. എന്നാൽ, ഇന്ധന പ്രതിസന്ധിക്കിടയിലും ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ ആഡംബര വാഹനവ്യൂഹം വിവാദത്തിലായിരിക്കുകയാണ്. 21 അകമ്പടി വാഹനങ്ങളുമായി മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് ധൂർത്താണെന്ന വിമർശനം ശക്തമാണ്.

വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതോടെ എയർ ഇന്ത്യ പല സർവീസുകളും വെട്ടിക്കുറച്ചു. ചെലവ് ചുരുക്കൽ നടപടികൾക്ക് പ്രധാനമന്ത്രി തന്നെ മാതൃകയാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാതെ സർക്കാർ ഇടപെടണമെന്നാണ് പൊതുവികാരം.

Tags:    
News Summary - Fuel Crisis Deepens: Petrol, Diesel May Rise ₹10 Per Litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.