സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാർ സർക്കാറിനെയോ മറ്റേതെങ്കിലും സർക്കാറുകളെയോ തടയാൻ സുപ്രീംകോടതിക്കാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്. ബിഹാറിലെ ജാതി സെൻസസ് കണക്ക് പുറത്തുവിടുന്നത് നേരത്തെ തടയാതിരുന്ന സുപ്രീംകോടതി, തുടർനടപടികൾ തടയണമെന്ന സംഘ് പരിവാർ അനുകൂല സംഘടനകളായ ‘ഏക് സോച്, ഏക് പ്രയാസ്’, യൂത്ത് ഫോർ ഇക്വാലിറ്റി അടക്കമുള്ളവയുടെ ആവശ്യവും വെള്ളിയാഴ്ച തള്ളി.
ജാതി സെൻസസിൽനിന്ന് ലഭിച്ച വിവിധ ജാതികളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രാതിനിധ്യ കണക്കുകൂടി പുറത്തുവിടാൻ ബിഹാർ സർക്കാറിനെ പ്രാപ്തമാക്കുന്നതാണ് സുപ്രീംകോടതി നിലപാട്. ഹരജികൾക്ക് മറുപടി നൽകാൻ നിതീഷ് കുമാർ സർക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി വിശദവാദത്തിനായി കേസ് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
ബിഹാറിലെ ജാതി സെൻസസിൽ തൽസ്ഥിതി നിലനിർത്തുകയോ കിട്ടിയ സ്ഥിതി വിവരക്കണക്ക് ആധാരമാക്കിയുള്ള തുടർനടപടികളിൽനിന്ന് സർക്കാറിനെ തടഞ്ഞ് സ്റ്റേ അനുവദിക്കുകയോ വേണമെന്ന സംഘടനകളുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ ജാതി സെൻസസ് പുറത്തുവിട്ട ബിഹാർ സർക്കാറിന്റെ നടപടി ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അപരാജിത സിങ് ചോദ്യം ചെയ്തു.
ബിഹാർ സർക്കാർ കോടതിയെ മറികടന്നുവെന്നും അതിനാൽ തുടർനടപടികളെങ്കിലും സ്റ്റേ ചെയ്യണമെന്നും അവർ വാദിച്ചു. വ്യക്തികളോട് ജാതി ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ കെ.എസ് പുട്ടസ്വാമി കേസിലെ സുപ്രീംകോടതി വിധിക്കെതിരാണ്. സ്ഥിതിവിവരം നിയമവിരുദ്ധമായി ശേഖരിച്ചതായതിനാൽ തുടർ നടപടി അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ജാതി സെൻസസ് പ്രസിദ്ധീകരിച്ചതെന്ന് ബിഹാർ സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചപ്പോൾ പ്രസാധനം കോടതി തടഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. സുദീർഘമായി വാദം കേൾക്കേണ്ട വിഷയമായതിനാൽ കേസ് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റുകയാണെന്ന് ജസ്റ്റിസ് ഖന്ന അറിയിച്ചു.
അതോടെ സർവേയിലെ മറ്റു സ്ഥിതിവിവരങ്ങളും ബിഹാർ സർക്കാർ പുറത്തുവിടുമെന്ന് അപരാജിത ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ബെഞ്ച് അംഗീകരിച്ചില്ല. സർക്കാർ തീരുമാനം തടയാനാവില്ല. ഒരു പക്ഷേ അത് തെറ്റായിരിക്കാം. ജാതി സെൻസസിനുള്ള സർക്കാറിന്റെ അധികാരം പരിശോധിക്കാം. എന്നാൽ, വ്യക്തികളുടെ പേര് പറയാത്തിടത്തോളം ജാതി സർവേ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.